ബാറില്‍ കത്തിവീശി യുവാവിന്‍റെ പരാക്രമം; രണ്ടാള്‍ക്ക് കുത്തേറ്റു
വണ്ടൂർ പുളിക്കല്‍ സിറ്റി പാലസ് ബാറില്‍ കത്തി വീശി യുവാവിന്റെ പരാക്രമം. രണ്ട് ജീവനക്കാർക്ക് കുത്തേറ്റു.കഴിഞ്ഞദിവസമാണ് സംഭവം.
പ്രതി എറിയാട് തൊണ്ടിയില്‍ താഴത്തെ വീട്ടില്‍ ഷിബിലി (28) ക്കെതിരെ പോലീസ് കൊലക്കുറ്റത്തിന് കേസെടുത്തു. ബാർ ജീവനക്കാരായ ആകാശ് (25), അഭിജിത്ത് (25) എന്നിവർക്കാണ് പരിക്കേറ്റത്. പരിക്ക് ഗുരുതരമല്ല.
ബാറിലെത്തി അക്രമാസക്തനായ പ്രതിയെ ജീവനക്കാരെല്ലാം ചേർന്ന് മുറിയില്‍ പൂട്ടിയിടുകയായിരുന്നു. തുടർന്ന് പോലീസ് എത്തി ഇയാളെ അനുനയിപ്പിച്ച് വണ്ടൂർ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു. അവിടെ വച്ചും പ്രതി അക്രമാസക്തനായി. തുടർന്നു വിദഗ്ധ ചികിത്സയ്ക്കായി ഇയാളെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ബാറിലെ മല്‍പ്പിടിത്തത്തിനിടയില്‍ പ്രതിയുടെ കൈക്കും പരിക്കേറ്റിരുന്നു.
വണ്ടൂർ പോലീസ് ഗുണ്ടാ ലിസ്റ്റില്‍ ഉള്‍പ്പെട്ട ആളാണ് പ്രതി. ഇയാളെ പെരിന്തല്‍മണ്ണ കോടതിയില്‍ ഹാജരാക്കി.
