‘ശ്രീ’ മാഞ്ഞു; ശ്രീനിവാസന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് മന്ത്രി വി. ശിവൻകുട്ടി
ശ്രീനിവാസന് ആദരാഞ്ജലികള്‍ അർപ്പിച്ച് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. മലയാള സിനിമയുടെ ‘ശ്രീ’ മാഞ്ഞു എന്നാണ് മന്ത്രി തന്റെ ഫേസ്ബുക്ക് കുറിപ്പില്‍ വിശേഷിപ്പിച്ചത്. നികത്താൻ കഴിയാത്ത വലിയ നഷ്ടങ്ങളിലൊന്നാണ് ശ്രീനിവാസന്റെ വിയോഗമെന്നും, പതിറ്റാണ്ടുകളോളം നമ്മുടെ സിനിമാലോകത്തെ സമ്ബന്നമാക്കിയ അതുല്യ പ്രതിഭയായിരുന്നു അദ്ദേഹമെന്നും മന്ത്രി അനുസ്മരിച്ചു.
സാധാരണക്കാരന്റെ ജീവിതവും പ്രശ്നങ്ങളും നർമ്മത്തിന്റെ മേമ്ബൊടിയോടെ ഇത്രയേറെ തനിമയോടെ അവതരിപ്പിച്ച മറ്റൊരു കലാകാരൻ മലയാളത്തില്‍ ഉണ്ടോ എന്ന് സംശയമാണെന്ന് മന്ത്രി കുറിച്ചു. ചിരിപ്പിച്ചുകൊണ്ട് ചിന്തിപ്പിക്കുക എന്നതായിരുന്നു അദ്ദേഹത്തിന്റെ ശൈലിയെന്നും അദ്ദേഹം രചിച്ച തിരക്കഥകള്‍ മലയാള സിനിമയിലെ നാഴികക്കല്ലുകളാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. വരവേല്‍പ്പ്, നാടോടിക്കാറ്റ്, ചിന്താവിഷ്ടയായ ശ്യാമള തുടങ്ങിയ ചിത്രങ്ങള്‍ മലയാളി ഉള്ളിടത്തോളം കാലം ഓർമ്മിക്കപ്പെടുമെന്നും, അവിസ്മരണീയമായ കഥാപാത്രങ്ങളിലൂടെ ശ്രീനിവാസൻ എന്നും മനസ്സില്‍ ജീവിക്കുമെന്നും പറഞ്ഞ മന്ത്രി, പരേതന്റെ കുടുംബാംഗങ്ങളുടെയും സഹപ്രവർത്തകരുടെയും ദുഃഖത്തില്‍ പങ്കുചേരുന്നതായും അറിയിച്ചു.
