Latestദേശീയം

എന്‍ജിനീയറിങ് വിദ്യാര്‍ഥിനിയെ ഹോസ്റ്റല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

ചത്തീസ്ഗഢിലെ റായ്ഗഡ് ജില്ലയില്‍ എന്‍ജിനീയറിങ് വിദ്യാര്‍ഥിനിയെ ഹോസ്റ്റല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി.ജാര്‍ഖണ്ഡിലെ ജംഷഡ്പൂര്‍ സ്വദേശിനിയായ പ്രിന്‍സി കുമാരി (20) ആണ് ശനിയാഴ്ച രാത്രി ആത്മഹത്യ ചെയ്തത്. റായ്ഗഡിലെ ഒരു സ്വകാര്യ സര്‍വകലാശാലയില്‍ ബി ടെക് കംപ്യൂട്ടര്‍ സയന്‍സ് രണ്ടാം വര്‍ഷ വിദ്യാര്‍ഥിനിയായിരുന്നു പ്രിന്‍സി. പുഞ്ചിപാത്രയിലെ യൂണിവേഴ്‌സിറ്റി ഹോസ്റ്റലിലാണ് സംഭവം നടന്നത്. ശനിയാഴ്ച രാത്രി എട്ടരയോടെ വീട്ടുകാര്‍ പ്രിന്‍സിയെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും പ്രതികരണമുണ്ടായില്ല. ആവര്‍ത്തിച്ച്‌ വിളിച്ചിട്ടും ഫോണ്‍ എടുക്കാത്തതിനെത്തുടര്‍ന്ന് പരിഭ്രാന്തരായ കുടുംബം ഹോസ്റ്റല്‍ വാര്‍ഡനെ വിവരമറിയിക്കുകയായിരുന്നു.

വാര്‍ഡന്‍ മുറിയിലെത്തിയപ്പോള്‍ വാതില്‍ ഉള്ളില്‍ നിന്ന് പൂട്ടിയ നിലയിലായിരുന്നു. ജനലിലൂടെ നോക്കിയപ്പോഴാണ് പ്രിന്‍സിയെ ഫാനില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ പോലിസില്‍ വിവരമറിയിക്കുകയും വാതില്‍ പൊളിച്ച്‌ അകത്തുകയറി മൃതദേഹം താഴെയിറക്കുകയും ചെയ്തു. പഠനസമ്മര്‍ദ്ദമാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം. പ്രിന്‍സിയുടെ മുറിയില്‍ നിന്ന് പോലിസ് ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തിട്ടുണ്ട്. മാതാപിതാക്കളുടെ പ്രതീക്ഷയ്‌ക്കൊത്ത് ഉയരാന്‍ തനിക്ക് സാധിക്കുന്നില്ലെന്നും പഠനകാര്യത്തില്‍ വലിയ മാനസിക വിഷമം അനുഭവിക്കുന്നുണ്ടെന്നും കത്തില്‍ പറയുന്നു. ‘ക്ഷമിക്കണം അമ്മേ അച്ഛാ, നിങ്ങളുടെ പ്രതീക്ഷകള്‍ നിറവേറ്റാന്‍ എനിക്കായില്ല’ എന്ന് കത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. തനിക്ക് വേണ്ടി മാതാപിതാക്കള്‍ ചിലവാക്കുന്ന പണത്തെക്കുറിച്ചും പ്രിന്‍സിക്ക് കടുത്ത കുറ്റബോധം ഉണ്ടായിരുന്നതായി പോലിസ് അറിയിച്ചു.