Latestകേരളം

രാമന്തളി കൂട്ടമരണം: കുട്ടികളെ വിട്ടുനല്‍കാനുള്ള കോടതി ഉത്തരവിന് പിന്നാലെ മക്കളെ കൊന്ന് ജീവനൊടുക്കിയതെന്ന് നിഗമനം

നാടിനെ ഞെട്ടിച്ച രാമന്തളി കൂട്ടമരണത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. രാമന്തളി വടക്കുമ്ബാട് റോഡിന് സമീപം താമസിക്കുന്ന കൊയിത്തട്ട താഴത്തെ വീട്ടില്‍ ഉഷ (56), മകൻ കലാധരൻ (36), കലാധരന്റെ മക്കളായ ഹിമ (6), കണ്ണൻ (2) എന്നിവരുടെ മരണത്തിന് പിന്നില്‍ കടുത്ത കുടുംബതർക്കമാണെന്ന് പോലീസ് സ്ഥിരീകരിച്ചു.കലാധരനും ഭാര്യയും തമ്മില്‍ കുടുംബകോടതിയില്‍ കേസ് നിലനിന്നിരുന്നു. കലാധരന്റെ കൂടെയുള്ള രണ്ട് മക്കളെയും അമ്മയ്ക്കൊപ്പം വിട്ടുനല്‍കാൻ കോടതി കഴിഞ്ഞദിവസം ഉത്തരവിട്ടു. ഇന്നലെ രാത്രി കുട്ടികളെ നല്‍കണമെന്ന് ആവശ്യപ്പെട്ട് ഭാര്യ കലാധരനെ വിളിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മരണം സംഭവിച്ചത്.

കുട്ടികള്‍ക്ക് പാലില്‍ കീടനാശിനി കലർത്തി നല്‍കിയെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സംഭവസ്ഥലത്തുനിന്ന് കീടനാശിനിയുടെ അംശമുള്ള പാലും കുപ്പിയും കണ്ടെത്തിയിട്ടുണ്ട്. കുട്ടികളെ കൊലപ്പെടുത്തിയ ശേഷം കലാധരനും ഉഷയും തൂങ്ങിമരിക്കുകയായിരുന്നു. ഉഷയുടെ ഭർത്താവ് ഉണ്ണികൃഷ്ണൻ രാത്രി വീട്ടിലെത്തിയപ്പോള്‍ വീട് പൂട്ടിയ നിലയിലായിരുന്നു. വീടിന് മുന്നില്‍ വെച്ചിരുന്ന ഒരു കത്ത് കണ്ട അദ്ദേഹം ഉടൻ പയ്യന്നൂർ പോലീസ് സ്റ്റേഷനില്‍ വിവരമറിയിച്ചു. തുടർന്ന് പോലീസ് എത്തി വീട് തുറന്നപ്പോഴാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. വീട്ടിനുള്ളില്‍ നിന്ന് ആത്മഹത്യാക്കുറിപ്പും കണ്ടെടുത്തിട്ടുണ്ട്.

അസ്വാഭാവിക മരണത്തിന് പയ്യന്നൂർ പോലീസ് കേസെടുത്തു. മൃതദേഹങ്ങള്‍ ഇൻക്വസ്റ്റ് നടപടികള്‍ക്ക് ശേഷം പോസ്റ്റ്‌മോർട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ഫോറൻസിക് വിദഗ്ധർ സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു.