Latestദേശീയം

ബസ് ട്രക്കുമായി കൂട്ടിയിടിച്ച്‌ മറിഞ്ഞ് അപകടം, 9 പേർ മരിച്ചു

കർണാടകയിലെ കലബുറഗി ജില്ലയില്‍ ബസ് ട്രക്കുമായി കൂട്ടിയിടിച്ച്‌ മറിഞ്ഞ് അപകടം. അപകടത്തില്‍ 9 പേർ മരിച്ചു.ട്രക്ക് ഡ്രൈവറുള്‍പ്പെടെയാണ് മരിച്ചത്. ഗോവയില്‍ നിന്ന് ഹൈദരാബാദിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസ് ട്രക്കുമായി കൂട്ടിയിടിച്ച്‌ റോഡരികിലെ കുഴിയിലേക്ക് മറിയുകയും ഉടൻ തന്നെ തീപിടിക്കുകയുമായിരുന്നു. വ്യാഴാഴ്ച പുലർച്ചെ 2:30 ഓടെയാണ് ബസ് അപകടത്തില്‍പ്പെട്ടത്. സീബേർഡ് കോച്ചിന്റെ ഉടമസ്ഥതയിലുള്ള ബസില്‍ ഡ്രൈവറും കണ്ടക്ടറും ഉള്‍പ്പെടെ 32 പേർ ഉണ്ടായിരുന്നുവെന്നും റിപ്പോർട്ടുണ്ട്.

ബസ്സിലുണ്ടായിരുന്ന നിരവധി യാത്രക്കാർക്ക് പരിക്കേറ്റു. ഇവരെ അടുത്തുള്ള ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. കലബുറഗി ജില്ലയിലെ കമലപുരത്തിന് സമീപമാണ് അപകടമുണ്ടായത്. തീപിടുത്തത്തെത്തുടർന്ന് ബസ് പൂർണ്ണമായും കത്തിയമർന്നു. പരിക്കേറ്റവരില്‍ ചിലരുടെ നില ഗുരുതരമാണെന്നും റിപ്പോർട്ടുകളുണ്ട്. ലോറി ബസിന്റെ ഇന്ധന ടാങ്കില്‍ ഇടിച്ചിരിക്കാമെന്നും ഇന്ധനം പുറത്തേക്ക് ഒഴുകിയെന്നും പ്രാഥമിക അന്വേഷണത്തില്‍ സൂചനയുണ്ട്.