താഴെ ചൊവ്വയിൽ ടാങ്കർ ലോറിയിൽ മലിനജലം ഒഴുക്കുന്നതിനിടെ രണ്ട് പേർ പോലീസ് പിടിയിലായിൽ
കണ്ണൂർ: താഴെ ചൊവ്വയിൽ പൊതുജനങ്ങൾക്ക് ആരോഗ്യഭീഷണിയുയർത്തി ടാങ്കർ ലോറിയിൽ മലിനജലം ഒഴുക്കുന്നതിനിടെ രണ്ട് പേർ പോലീസ് പിടിയിലായി. ഇന്നലെ പുലർച്ചെ മൂന്ന് മണിയോടെയാണ് സംഭവം . മമ്പറം പൊയനാട് സ്വദേശി എം.പി. മജിഷാദ്, തമിഴ്നാട് സ്വദേശി ചെള്ള ദുരൈ എന്നിവരെയാണ് കണ്ണൂർ ടൗൺ പോലീസ് കൈയ്യോടെ പിടികൂടിയത്.
താഴെ ചൊവ്വ എച്ച്.പി. പെട്രോൾ പമ്പിന് സമീപത്തെ റോഡരികിലാണ് സംഭവം നടന്നത്. ഇരുട്ടിന്റെ മറവിൽ ടാങ്കറിൽ നിന്ന് പൈപ്പുകൾ ഉപയോഗിച്ച് റോഡരികിലെ ഓടകളിലേക്കും പറമ്പുകളിലേക്കും മലിനജലം ഒഴുക്കി വിടുകയായിരുന്നു പ്രതികൾ. ശക്തമായ ദുർഗന്ധം അനുഭവപ്പെട്ടതിനെ തുടർന്ന് സമീപവാസികൾ നടത്തിയ പരിശോധനയിലാണ് മലിനജലം തള്ളുന്നത് ശ്രദ്ധയിൽപ്പെട്ടത്. ഉടൻ തന്നെ നാട്ടുകാർ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു.
