ജില്ലയിലെ 1-മുതൽ 19 വയസ്സുവരെയുള്ള മുഴുവൻ കുട്ടികളും നിർബന്ധമായും വിരഗുളിക കഴിക്കണം-ജില്ലാ മെഡിക്കൽ ഓഫീസർ
കണ്ണൂർ :-ജില്ലയിലെ 1-മുതൽ 19 വയസ്സുവരെയുള്ള മുഴുവൻ കുട്ടികളും നിർബന്ധമായി വിരഗുളിക (ആൽബന്റസോൾ ) കഴിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.രേഖ കെ ടി അറിയിച്ചു.
ജനുവരി 6 ന് ദേശീയ വിരവിമുക്ത ദിനത്തിന്റെ ഭാഗമായി 1 മുതൽ 19 വയസ്സുവരെയുള്ള മുഴുവൻ കുട്ടികൾക്കും വീരനശികരണത്തിനുള്ള വിരഗുളിക (ആൽബന്റസോൾ ) നൽകും.സ്കൂളുകൾ, അംഗൻവാടികൾ എന്നിവ വഴിയാണ് വിരഗുളികയായ ആൽബന്റസോൾ നൽകുന്നത്. അന്നേ ദിവസം അധ്യാപകരുടെ സാനിധ്യത്തിൽ കുട്ടികൾ വിരഗുളിക കഴിക്കണം.
- വിര ഗുളിക
- കഴിച്ചാൽ വിളയും.. ഇല്ലേൽ വിളറും…
എന്ത് കൊണ്ട് വിരഗുളിക നിർബന്ധമായും കഴിക്കണം എന്ന് പറയുന്നു….
- കുട്ടികളിൽ കാണപ്പെടുന്ന വിളർച്ചക്ക് പ്രധാന കാരണം വിരയാണ്.
- വിര കുട്ടികളിൽ പോഷണക്കുറവ്, ക്ഷീണം, എന്നിവ ഉണ്ടാക്കുന്നു.
- ഇവ കുട്ടികളുടെ ശാരീരിക ആരോഗ്യത്തെ ബാധിക്കുകയും പഠിത്തത്തിലും പ്രവർത്തനങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള കഴിവിനെ കുറക്കുന്നു.
- കുട്ടികളുടെ ആരോഗ്യത്തെയും പഠനത്തെയും ഉത്സാഹത്തെയും പ്രതികൂലമായി ബാധിക്കുന്നതിനാൽ വളരെ ഗൗരവമായി കാണേണ്ടതാണ്.അത് കൊണ്ട് വിര ഗുളിക നിർബന്ധമായും കഴിക്കണം.
വിരകൾ കാണപ്പെടുന്നത് എവിടെ
കുടലിലാണെന്റെ താമസം…..
സാധാരണയായി കുടലിൽ ആണ് വിരകൾ കാണപ്പെടുന്നത്. ഉരുളൻ വിര, (Round Worm) കൊക്ക പുഴു (Hook Worm)ചാട്ട വിര(Vip Worm), കൃമി (Pin Worm) നാട വിര(Tape Worm) എന്നിവയാണ് സാധാരണയായി വയറിൽ കാണുന്ന വിരകൾ.ഇവ കുട്ടികളുടെ ശരീരത്തിൽ ലഭിക്കേണ്ടുന്ന പോഷണം വലിച്ചെടുക്കുന്നു.ഇത് മൂലം കുട്ടികൾക്ക് പോഷണ വൈകല്യം, ക്ഷീണം എന്നിവ ഉണ്ടാകുന്നു. വിളർച്ചക്ക് കാരണമാകുന്നു.പഠനത്തെയും ഉത്സാഹത്തെയും ബാധിക്കുന്നു.
വിര ഗുളിക (ആൽബന്റസോൾ)കഴിക്കേണ്ടുന്ന വിധം
ആൽബന്റസോൾ ആരോഗ്യത്തിന്…
- 1 മുതൽ 2 വയസ്സ് വരെയുള്ള കുട്ടികൾ അര ഗുളിക ഒരു ഗ്ലാസ് തിളപ്പിച്ചാറിയ വെള്ളത്തിൽ അലിയിപ്പിച്ച് കഴിക്കണം.
- 2 മുതൽ 3 വയസ്സുവരെയുള്ള കുട്ടികൾ ഒരു ഗുളിക അലിയിച്ച് തിളപ്പിച്ചാറിയ ഒരു ഗ്ലാസ് വെള്ളത്തിൽ ചേർത്ത് കഴിയ്ക്കണം.
- 3 മുതൽ 19 വയസ്സുവരെയുള്ള കുട്ടികൾ ഒരു ഗുളിക ഉച്ചഭക്ഷണത്തിനുശേഷം ഒരു ഗ്ലാസ് തിളപ്പിച്ചാറിയ വെള്ളത്തോടൊപ്പം വായിൽ ചവച്ചരച്ച് കഴിക്കണം.
- ആൽബന്റസോൾ ആരോഗ്യത്തിനു വളരെ ഗുണപ്രദമാണെന്ന് മാത്രമല്ല വർഷാവർഷം കുട്ടികൾക്ക് വിതരണം ചെയ്തു വരുന്നതും വളരെയേറെ സുരക്ഷിതവുമാണ്.
കുട്ടികൾ വിരഗുളിക കഴിച്ചു എന്ന് ഉറപ്പാക്കേണ്ടത് രക്ഷിതാക്കളും അധ്യാപകരുമാണ്..
കുട്ടികളുടെ ആരോഗ്യം പരിപാലിക്കുന്നത് രക്ഷിതാക്കൾ ആണ്.അത് കൊണ്ട് തങ്ങളുടെ കുട്ടികൾ വിരഗുളിക കഴിച്ചു എന്ന് ഉറപ്പാക്കേണ്ടത് ഓരോ രക്ഷിതാവിന്റെയും കടമയാണ്. ജനുവരി 06 ന് സ്കൂളിൽ വെച്ച് വിരഗുളിക (ആൽബന്റസോൾ )കഴിക്കുന്നതിനു രക്ഷിതാക്കൾ കുട്ടികൾക്ക് പ്രത്യേകം നിർദേശം നൽകണം. അധ്യാപകർ സ്കൂളുകളിൽ കുട്ടികളുടെ രക്ഷിതാക്കളാണ് . അവരാണ് സ്കൂൾ സമയങ്ങളിൽ കുട്ടികൾ വിര ഗുളിക കഴിച്ചു എന്ന് ഉറപ്പാക്കേണ്ടത്. അവരുടെ സാനിധ്യത്തിൽ ആയിരിക്കണം കുട്ടികൾ ഗുളിക കഴിക്കേണ്ടത്. ജില്ലാ ഭരണകൂടം,ആരോഗ്യ പ്രവർത്തകർ, തദ്ദേശ സ്വയം ഭരണ വകുപ്പ് ജനപ്രതിനിധികൾ,മുഴുവൻ സർക്കാർ വകുപ്പുകളും ഇതുമായി സഹകരിക്കുന്നു. ജനുവരി 06 ന് ദേശീയ വിര വിമുക്ത ദിനത്തിൽ വിരഗുളിക കഴിക്കാൻ സാധിക്കാത്ത കുട്ടികൾക്ക് ജനുവരി 12 ലെ മോപ്പ് അപ്പ് ദിനത്തിൽ നിർബന്ധമായും ഗുളിക കഴിക്കേണ്ടതാണ്.
