Latestകേരളം

വാഹനാപകടത്തില്‍ മരിച്ച ഭിക്ഷാടകന്റെ സഞ്ചിയില്‍ ലക്ഷങ്ങള്‍

ആലപ്പുഴ:ചാരുംമൂട് ജംഗ്ഷനില്‍ സ്കൂട്ടറിടിച്ച്‌ മരിച്ച ഭിക്ഷാടകന്റെ പക്കല്‍ നിന്നും ലക്ഷങ്ങള്‍ കണ്ടെടുത്തു.അനില്‍ കിഷോർ എന്നയാളുടെ സഞ്ചിയില്‍ നിന്നാണ് വൻ തുക കണ്ടെത്തിയത്. അപകടത്തിന് ശേഷം കടത്തിണ്ണയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ഇയാളുടെ കൈവശമുണ്ടായിരുന്ന സഞ്ചികള്‍ പരിശോധിച്ചപ്പോഴാണ് പൊലിസും നാട്ടുകാരും ഞെട്ടിയത്.

ഒരു സഞ്ചിയില്‍ നിന്ന് മാത്രം ഇതുവരെ രണ്ടര ലക്ഷത്തോളം രൂപ പൊലിസ് എണ്ണിത്തിട്ടപ്പെടുത്തിയിട്ടുണ്ട്. ഇയാളുടെ പക്കലുണ്ടായിരുന്ന മറ്റ് സഞ്ചികളിലെ പണം ഇനിയും എണ്ണിത്തീരാനുണ്ട്. അതിലും വൻതുക ഉണ്ടാകുമെന്നാണ് കരുതപ്പെടുന്നത്.കഴിഞ്ഞ ദിവസമാണ് ചാരുംമൂട് ജംഗ്ഷനില്‍ വെച്ച്‌ അനില്‍ കിഷോറിനെ ഒരു സ്കൂട്ടർ ഇടിക്കുന്നത്.

അപകടത്തിന് ശേഷം സമീപത്തെ കടത്തിണ്ണയില്‍ വിശ്രമിക്കുകയായിരുന്ന ഇയാളെ പിന്നീട് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് നൂറനാട് പൊലിസ് സ്ഥലത്തെത്തി പരിശോധന നടത്തി. ഇൻക്വസ്റ്റ് നടപടികള്‍ക്കിടെ ഇയാളുടെ പക്കലുണ്ടായിരുന്ന ഭാണ്ഡങ്ങള്‍ പരിശോധിച്ചപ്പോഴാണ് നോട്ടുകെട്ടുകള്‍ കണ്ടെത്തിയത്.

മൃതദേഹം നിലവില്‍ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്. സംഭവത്തില്‍ പൊലിസ് കേസെടുത്ത് വിശദമായ അന്വേഷണം ആരംഭിച്ചു. ഇയാള്‍ക്ക് ബന്ധുക്കളാരെങ്കിലും ഉണ്ടോ എന്നും പൊലിസ് പരിശോധിച്ചു വരികയാണ്.