സ്കൂട്ടറിന്റെ നിയന്ത്രണം വിട്ട് ഓടയില്‍ വീണ് യുവാവിന് ദാരുണാന്ത്യം
തിരുവനന്തപുരം അണ്ടൂർകോണത്ത് സ്കൂട്ടറിന്റെ നിയന്ത്രണം വിട്ട് ഓടയില്‍ വീണ് യുവാവ് മരിച്ചു. അണ്ടൂർക്കോണം എ എസ് മൻസിലില്‍ അൻഷാദ് (45) ആണ് മരിച്ചത്.ഇന്ന് പുലര്‍ച്ചെ മൂന്നുമണിയോടെയാണ് അപകടം നടന്നത്. അണ്ടൂർകോണം എല്‍ പി എസിന് സമീപമായിരുന്നു അപകടം. സ്കൂട്ടറില്‍ വീട്ടിലേക്ക് പോവുകയായിരുന്ന അൻഷാദ് വളവില്‍ വച്ച് നിയന്ത്രണം വിട്ട് ഓടയിലേക്ക് വീഴുകയായിരുന്നു.
സ്കൂട്ടറിലെ ലൈറ്റ് അണയാതിരുന്നതിനാല്‍ പിന്നീട് അതുവഴി വന്ന യാത്രക്കാരുടെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു. തുടർന്നു പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു.പൊലീസും നാട്ടുകാരും ചേർന്നാണ് അൻഷാദിനെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അപ്പോഴേക്കും മരിച്ചു. കഴക്കൂട്ടത്തെ സ്വകാര്യ കോച്ചിംഗ് സെൻ്ററിലെ ജീവനക്കാരനാണ് മരിച്ച അൻഷാദ്.
