ഭര്‍ത്താവ് പുതിയ ഫോണ്‍ വാങ്ങിനല്‍കിയില്ല; ഇരുപത്തിരണ്ടുകാരി ജീവനൊടുക്കി
പുതിയ മൊബൈല്‍ ഫോണ്‍ വാങ്ങിക്കൊടുക്കണമെന്ന ആവശ്യം ഭർത്താവ് നിരസിച്ചതിനെ തുടർന്ന് യുവതി ജീവനൊടുക്കി.ഗുജറാത്തിലെ ആരവല്ലി ജില്ലയിലാണ് സംഭവം. നേപ്പാള്‍ സ്വദേശിനിയായ ഊർമിള ഖാനൻ റിജാനാണ് മരിച്ചതെന്ന് പൊലീസ് സ്ഥിരീകരിച്ചു. പുതിയ ഫോണ്‍ വാങ്ങിനല്‍കില്ലെന്ന് ഭർത്താവ് നിലപാടെടുത്തതോടെയാണ് ഇരുപത്തിരണ്ടുകാരിയായ ഊർമിള തൂങ്ങിമരിച്ചത്.
ഭർത്താവിനും കുഞ്ഞിനുമൊപ്പം മൊദാസ പ്രദേശത്താണ് ഊർമിള താമസിച്ചിരുന്നത്. ഇവർ ഒരു ചൈനീസ് ഭക്ഷണശാല നടത്തിവരികയായിരുന്നു. സാമ്പത്തിക ബുദ്ധിമുട്ടുകള്‍ മൂലം പുതിയ ഫോണ്‍ വാങ്ങാൻ കഴിയില്ലെന്ന് ഭർത്താവ് അറിയിച്ചതിന് പിന്നാലെ ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടായതായി പൊലീസ് പറയുന്നു.
സംഭവത്തിനു പിന്നാലെ വീട്ടില്‍ തൂങ്ങിയ നിലയിലാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. വിവരം ലഭിച്ചതോടെ പൊലീസ് സ്ഥലത്തെത്തി നിയമനടപടികള്‍ പൂർത്തിയാക്കി. തുടർന്ന് മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. പുതിയ മൊബൈല്‍ ഫോണ്‍ വാങ്ങിക്കൊടുക്കണമെന്ന ആവശ്യം ഭർത്താവ് നിരസിച്ചതിനെ തുടർന്നുണ്ടായ കുടുംബവിവാദമാണ് സംഭവത്തിന് വഴിവെച്ചതെന്ന് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം പുരോഗമിക്കുകയാണ്.
