Latestകേരളം

ദേശീയപാത ഉപരോധിച്ച കേസില്‍ വടകര എം.പി ഷാഫി പറമ്പിലിന് അറസ്റ്റ് വാറന്‍റ്

പാലക്കാട് : ദേശീയപാത ഉപരോധിച്ച കേസില്‍ വടകര എം.പി ഷാഫി പറമ്പിലിന് അറസ്റ്റ് വാറന്‍റ്. പാലക്കാട് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് അറസ്റ്റ് വാറന്‍റ് പുറപ്പെടുവിച്ചത്.2022 ജൂണ്‍ 24ന് പാലക്കാട് കസബ പോലീസ് രജിസ്റ്റ് ചെയ്ത കേസിലാണ് ഷാഫിയെ അറസ്റ്റ് ചെയ്ത് ഹാജരാക്കാൻ കോടതി ഉത്തരവിട്ടത്.

വയനാട് എം.പി രാഹുല്‍ ഗാന്ധിയുടെ ഓഫിസ് എസ്.എഫ്.ഐ പ്രവർത്തകർ അടിച്ചു തകർത്ത സംഭവത്തില്‍ പ്രതിഷേധിച്ച്‌ 2022 ജൂണ്‍ 24ന് ഷാഫി പറമ്പിലിന്റെ നേതൃത്വത്തില്‍ ദേശീയപാത ഉപരോധിച്ചിരുന്നു. ചന്ദ്രനഗറില്‍ ചെമ്പലോട് പാലത്തിന് സമീപമായിരുന്നു നാല്‍പതോളം യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകരുടെ ഉപരോധം. അന്ന് പാലക്കാട് എം.എല്‍.എയായിരുന്നു ഷാഫി.

പാലക്കാട് കസബ പോലീസ് രജിസ്റ്റർ ചെയ്ത കേസില്‍ ഷാഫിയാണ് ഒന്നാം പ്രതി. അന്നത്തെ യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകനായ പി. സരിൻ ആണ് കേസിലെ ഒമ്പതാം പ്രതി. കേസില്‍ കോടതിയില്‍ ഹാജരായ സരിനെ 500 രൂപ പിഴയും കോടതി പിരിയും വരെ തടവിനും ശിക്ഷിച്ചിരുന്നു.

എന്നാല്‍, ഷാഫി കോടതിയില്‍ ഹാജരാകാൻ തയാറാകാത്ത സാഹചര്യത്തിലാണ് കോടതി അറസ്റ്റ് വാറന്‍റ് പുറപ്പെടുവിച്ചത്. കേസ് വീണ്ടും 24ന് പരിഗണിക്കും.