ഒന്ന് മുതല്‍ 50 വരെ എഴുതിയില്ല; നാല് വയസുകാരിയായ മകളെ അടിച്ചുകൊന്ന് പിതാവ്
ഹരിയാനയിലെ ഫരീബാദിലെ ഖെരാതിയ ഗ്രാമത്തില്‍ ബുധനാഴ്ചയാണ് ഞെട്ടിക്കുന്ന സംഭവം. കൃഷ്ണ ജെയ്സ്വാള്‍ (31) എന്ന യുവാവാണ് മകളായ വൻഷികയെ ക്രൂരമായി കൊലപ്പെടുത്തിയത്. സംഭവത്തില്‍ ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു.
ഫരീദാബാദില്‍ വാടകയ്ക്ക് താമസിക്കുകയാണ് യുപി സോൻഭദ്ര സ്വദേശിയായ കൃഷ്ണ ജയ്സ്വാളും കുടുംബവും. സ്വകാര്യ കമ്ബനികളിലാണ് ഇയാളും ഭാര്യയും ജോലി ചെയ്യുന്നത്. ഭാര്യ ജോലിക്ക് പോവുമ്ബോള്‍ ഇയാള്‍ വീട്ടിലെത്തുകയും കുഞ്ഞിനെ നോക്കുകയുമാണ് രീതി. നാല് വയസുകാരിയെ ഇവർ സ്കൂളില്‍ ചേർത്തിരുന്നില്ല. പിതാവ് തന്നെയാണ് മകളെ വീട്ടിലിരുത്തി പഠിപ്പിച്ചിരുന്നത്.
ഈ മാസം 21ന്, ഇത്തരത്തില്‍ പഠിപ്പിക്കുന്നതിനിടെ ഒന്ന് മുതല്‍ 50 വരെ തെറ്റാതെ എഴുതാൻ ഇയാള്‍ കുഞ്ഞിനോട് ആവശ്യപ്പെട്ടു. നാല് വയസ് മാത്രം പ്രായമായ കുഞ്ഞിന് അത് സാധിക്കാതെ വന്നതോടെ ഇയാള്‍ക്ക് ദേഷ്യം വരികയും ക്രൂരമായി മർദിക്കുകയുമായിരുന്നു. മർദനത്തില്‍ ഗുരുതരമായി പരിക്കേറ്റ കുഞ്ഞ് തത്ക്ഷണം മരിച്ചു.
വൈകീട്ട് അമ്മ വീട്ടില്‍ തിരിച്ചെത്തിയപ്പോള്‍ കട്ടിലില്‍ ജീവനറ്റ് കിടക്കുകയായിരുന്നു കുട്ടി. കളിക്കുന്നതിനിടെ കുട്ടി പടിക്കെട്ടില്‍ നിന്ന് വീണെന്നായിരുന്നു ഭാര്യയോട് ഇയാള്‍ പറഞ്ഞത്. എന്നാല്‍ സംഭവസമയം വീട്ടിലുണ്ടായിരുന്ന ഇവരുടെ ഏഴു വയസുള്ള മകൻ, തന്റെ സഹോദരിയെ പിതാവ് മർദിക്കുന്നത് കണ്ടതായി അമ്മയോട് പറഞ്ഞു.
പെണ്‍കുട്ടിയുടെ ശരീരത്തില്‍ മർദനമേറ്റതിന്റെ പാടുകള്‍ കൂടി കണ്ടതോടെ യുവതി പൊലീസിനെ വിവരമറിയിച്ചു. എന്നാല്‍ പിന്നീട് പൊലീസിനോടും ഇയാള്‍ ഇതേ വാദം ആവർത്തിച്ചു. തുടർന്ന് കസ്റ്റഡിയിലെടുത്ത് നടത്തിയ ചോദ്യം ചെയ്യലിലാണ് പ്രതി കുറ്റം സമ്മതിച്ചത്.
സംഭവത്തില്‍ കേസ് രജിസ്റ്റർ ചെയ്തതായും അറസ്റ്റിലായ പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തതായും പൊലീസ് അറിയിച്ചു. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം കുടുംബത്തിന് കൈമാറിയെന്നും ഫരീദാബാദ് പൊലീസ് വക്താവ് അറിയിച്ചു.
