ഭിന്നശേഷി സംവരണാനുകൂല്യം ലഭിക്കാൻ സ്വന്തം കാല് മുറിച്ചുമാറ്റി ഇരുപത്തിനാലുകാരൻ
ഉത്തർപ്രദേശിലെ ജൗൻപൂരില്‍ ഖാലിപുർ സ്വദേശിയായ സൂരജ് ഭാസ്കർ ആണ് ഈ കൈവിട്ട കളി നടപ്പിലാക്കിയത്. ഫാർമസിയില്‍ ഡിപ്ലോമ പഠനത്തിനുശേഷം നീറ്റ് പരീക്ഷയ്ക്ക് തയ്യാറെടുക്കുകയായിരുന്നു സൂരജ് ഭാസ്കർ. രണ്ടുതവണ നീറ്റ് പരീക്ഷയെഴുതിയെങ്കിലും പരാജയപ്പെടുകയായിരുന്നു.
ഭിന്നശേഷി വിഭാഗത്തില്‍ പ്രവേശനം ഉറപ്പിക്കാൻ സുരജ് തന്റെ ഇടത് കാലിലെ നാല് വിരലുകള്‍ സ്വയം മുറിച്ചുമാറ്റുകയായിരുന്നു. തുടർന്ന്, അജ്ഞാതർ ആക്രമിച്ചതായി പോലീസില്‍ പരാതി നല്കി. പിന്നീട് യുവാവിന്റെ ഡയറിയിലെ കുറിപ്പും പെണ്‍സുഹൃത്തിന്റെ മൊഴിയുമാണ് പോലീസിനെ യാഥാർഥ്യം കണ്ടെത്താൻ സഹായിച്ചത്. തന്നെ ആരോ ആക്രമിച്ചതായുള്ള പരാതിയുമായി ജനുവരി 18-നാണ് സൂരജ് പോലീസിനെ സമീപിച്ചത്. കേസ് രജിസ്റ്റർ ചെയ്ത് പോലീസ് അന്വേഷണം ആരംഭിച്ചു. അജ്ഞാതരായ രണ്ടുപേർക്കെതിരെ വധശ്രമം ചുമത്തിയായിരുന്നു പോലീസ് കേസെടുത്തതെന്ന് ബന്ധപ്പെട്ട് പോലീസുദ്യോഗസ്ഥൻ പറഞ്ഞു.
എന്നാല്‍ ചോദ്യം ചെയ്യലിനിടെ സൂരജ് പലതവണ മൊഴി മാറ്റിപ്പറഞ്ഞതോടെ പോലീസിന് സംശയമായി. ഇയാളുടെ ഡയറി പരിശോധിച്ചതോടെ മെഡിക്കല്‍ പ്രവേശനത്തെ കുറിച്ചുള്ള യുവാവിന്റെ കുറിപ്പ് ശ്രദ്ധയില്‍പ്പെട്ടു. ഡയറിയില്‍ “2026-ല്‍ ഞാൻ എംബിബിഎസ് ഡോക്ടറാകും” എന്ന വാചകം പലതവണ രേഖപ്പെടുത്തിയിരുന്നതായി പോലീസ് പറഞ്ഞു. കൂടാതെ വിവാഹരജിസ്ട്രേഷനുള്ള അപേക്ഷാഫോമും ഇയാളില്‍ നിന്ന് കണ്ടെത്തി.എംബിബിഎസിന് പ്രവേശനം കിട്ടുമോയെന്ന കാര്യത്തില്‍ സൂരജിന് ആശങ്കയുണ്ടായിരുന്നതായി സൂരജിന്റെ പെണ്‍സുഹൃത്ത് പോലീസിന് മൊഴി നല്കി. കൂടുതല്‍ ചോദ്യം ചെയ്യലില്‍ യുവാവ് സത്യം തുറന്നുപറഞ്ഞു. ഇയാളുടെ വീട്ടില്‍നിന്ന് വേദനയറിയാതിരിക്കാനുള്ള മരുന്ന് കുത്തിവെക്കാൻ ഉപയോഗിച്ച സിറിഞ്ചുകള്‍ പോലീസ് കണ്ടെടുത്തു.
നിലവില്‍ ഇയാള്‍ മെഡിക്കല്‍ ചികിത്സയില്‍ തുടരുകയാണ്. വ്യാജ പരാതി നല്കിയതും റിസർവേഷൻ വ്യവസ്ഥകള്‍ ദുരുപയോഗം ചെയ്യാൻ ശ്രമിച്ചതുമുള്‍പ്പെടെ നിയമനടപടികള്‍ പരിഗണനയിലാണെന്ന് അധികൃതർ അറിയിച്ചു. ഈ സംഭവം നീറ്റ് പോലുള്ള കടുത്ത മത്സരപരീക്ഷകള്‍ നേരിടുന്ന വിദ്യാർത്ഥികള്‍ അനുഭവിക്കുന്ന അതിരൂക്ഷമായ മാനസിക സമ്മർദ്ദത്തെയും ക്വോട്ട അടിസ്ഥാനത്തിലുള്ള അഡ്മിഷനുകളില്‍ കൂടുതല്‍ കർശന പരിശോധനകള്‍ ആവശ്യമാണെന്നതെയും കുറിച്ച് വ്യാപക ചർച്ചകള്‍ക്ക് വഴിയൊരുക്കിയിട്ടുണ്ട്.
