മുംബൈയില്‍ ട്രെയിനില്‍ കുത്തേറ്റ് സ്വകാര്യ കോളജ് പ്രഫസര്‍ മരിച്ചു
മുംബൈ: ലോക്കല്‍ ട്രെയിനില്‍ കോളേജ് പ്രൊഫസറെ കുത്തിക്കൊന്നു. എൻഎം കോളജില്‍ അധ്യാപകനായ അലോക് സിങ്ങാണ് കൊല്ലപ്പെട്ടത്.പ്രതി ഓംകാർ ഷിൻഡെയുമായുണ്ടായ തർക്കമാണ് കൊലപാതത്തില്‍ കലാശിച്ചത്. സംഭവത്തില്‍ സഹയാത്രികാനായ 27കാരനെ പൊലീസ് അറസ്റ്റ് ചെയ്തു.
ശനിയാഴ്ച ട്രെയിനിലുണ്ടായ ചെറിയ തർക്കമാണ് സംഭവങ്ങളുടെ തുടക്കം. കൊല്ലപ്പെട്ട അലോക് സിങ്ങും പ്രതി ഷിൻഡെയും ഒരേ ലോക്കല്‍ ട്രെയിനില്‍ യാത്ര ചെയ്യുകയായിരുന്നു. ട്രെയിൻ മലാദിനടുത്തെത്തിയപ്പോള്‍, തിരക്കേറിയ കമ്പാർട്ട്മെന്റ് ഗേറ്റുകളിലൂടെ കയറുന്നതിനെ ചൊല്ലി തർക്കമുണ്ടായി. മുംബൈയില്‍ സാധാരണ ഗതിയിലുണ്ടാകുന്ന തർക്കമാണിത്.എന്നാല്‍ വാക്കുതർക്കം ഉടൻ തന്നെ കയ്യാങ്കളിയിലേക്ക് വഴിമാറി. പ്ലാറ്റ്ഫോമിലേക്ക് കാലെടുത്തുവച്ച ഉടൻ പ്രതി മൂർച്ചയുള്ള കത്തി പുറത്തെടുത്ത് അലോക് സിങ്ങിൻ്റെ വയറ്റില്‍ പലതവണ കുത്തി. കൊലപാതകത്തിന് ശേഷം ഓംകാർ ഷിൻഡെ ഓടിരക്ഷപ്പെടുകയും ചെയ്തു.
സംഭവത്തിന് പിന്നാലെ റെയില്‍ വേ പൊലീസടക്കം സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് അന്വേഷണം തുടങ്ങി. ദൃശ്യങ്ങളില്‍ വെള്ള ഷർട്ടും നീല ജീൻസും ധരിച്ച ഒരാള്‍ ഫുട് ഓവർ ബ്രിഡ്ജിലൂടെ ഓടിപ്പോകുന്നത് സിസിടിവി ദൃശ്യങ്ങളില്‍ പതിഞ്ഞിരുന്നു. ഈ ദൃശ്യ തെളിവുകളും എഐയും ഉപയോഗിച്ച് പൊലീസ് ഷിൻഡെയെ പിടികൂടുകയായിരുന്നു
