Latestദേശീയം

ബൈക്കില്‍ പോകവെ പട്ടച്ചരട് കഴുത്തില്‍ കുരുങ്ങി മുറിഞ്ഞ് 15കാരന് ദാരുണാന്ത്യം

സ്കൂള്‍ വിട്ട് ബന്ധുവിനൊപ്പം വീട്ടിലേക്ക് പോകുന്നതിനിടെ പട്ടച്ചരട് കഴുത്തില്‍ കുരുങ്ങി മുറിഞ്ഞ് 15കാരന് ദാരുണാന്ത്യം.പഞ്ചാബിലെ ലുധിയാനയിലാണ് സംഭവം. സംറാല സ്വദേശി തരണ്‍ജോത് സിങ് ആണ് മരിച്ചത്. ചൈനീസ് മാഞ്ച എന്നറിയപ്പെടുന്ന അപകടകരമായ പട്ടച്ചരടാണ് മരണത്തിന് കാരണമായത്.

ശനിയാഴ്ച സ്കൂള്‍ വിട്ട് ബന്ധുവായ പ്രഭ്ജോത് സിങ്ങിനൊപ്പം വീട്ടിലേക്ക് പോവുകയായിരുന്നു കുട്ടി. ബൈക്ക് സംറാല ബൈപ്പാസെത്തിയപ്പോള്‍‌ പട്ടച്ചരട് ഇരുവരുടെയും കഴുത്തില്‍ കുരുങ്ങുകയും മുറിവേല്‍ക്കുകയുമായിരുന്നു. പൊടുന്നനെ നിയന്ത്രണം നഷ്ടമായി ഇവർ റോഡിലേക്ക് വീഴുകയും പരിക്കേല്‍ക്കുകയും ചെയ്തു. തരണ്‍ജോതിന്റെ കഴുത്തിലേറ്റ മുറിവ് ഗുരുതരമായിരുന്നു.

ഓടിക്കൂടിയ നാട്ടുകാർ ഉടൻ തന്നെ ഇരുവരേയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും തരണ്‍ജോത് മരണത്തിന് കീഴടങ്ങി. ചികിത്സയിലുള്ള പ്രഭ്ജോതിന്റെ നില തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചു. കഴിഞ്ഞമാസമാണ് തരണ്‍ജോതിന് 15ാം ജന്മദിനം ആഘോഷിച്ചതെന്ന് മുത്തച്ഛൻ ജസ്പാല്‍ സിങ് പറഞ്ഞു.

റൗലെ ഗ്രാമത്തിന്റെ സർപഞ്ചാണ് തരണ്‍ജോതിന്റെ പിതാവ് ഹർചന്ദ് സിങ്. ചൈനീസ് മാഞ്ച ചരട് ആരും ഉപയോഗിക്കരുതെന്ന് ഗ്രാമവാസികളോട് പറഞ്ഞിരുന്നതായും നിരവധി തവണ അറിയിപ്പ് നല്‍കിയിരുന്നതായും അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു. ‘എന്റെ സ്വന്തം മകൻ ചൈനീസ് മാഞ്ചയുടെ ഇരയാകുമെന്ന് ഒരിക്കലും ഞാൻ കരുതിയില്ല. അവൻ എന്റെ ഏക മകനായിരുന്നു’- പിതാവ് പറഞ്ഞു.