കീം 2026 ; രജിസ്ട്രേഷൻ ജനുവരി 31ന് അവസാനിക്കും
കേരളത്തിലെ എൻജിനീയറിങ്/ആർക്കിടെക്ചർ/ഫാർമസി/മെഡിക്കല്‍/ മെഡിക്കല്‍ അനുബന്ധ മേഖലകളിലെ ബിരുദ കോഴ്‌സുകളുടെ പ്രവേശനത്തിന് (KEAM2026) കേരള പ്രവേശന പരീക്ഷാ കമ്മിഷണർ അപേക്ഷ ക്ഷണിച്ചു.
എൻജിനീയറിങിനും ഫാർമസിക്കും പരീക്ഷ
എൻജിനീയറിങ്, ഫാർമസി പ്രവേശനങ്ങള്‍ക്കു മാത്രമേ പ്രവേശന പരീക്ഷാ കമ്മിഷണർ പരീക്ഷ നടത്തുകയുള്ളൂ. കേരളാ എൻജിനീയറിങ് പ്രവേശന പരീക്ഷ വഴിയാണ് എൻജിനീയറിങ് പ്രവേശനം. ഫാർമസി പ്രവേശനത്തിനും പ്രത്യേക പരീക്ഷയുണ്ട്. മെഡിക്കല്‍, മെഡിക്കല്‍ അനുബന്ധ കോഴ്‌സുകളുടെ പ്രവേശനം നീറ്റ് യു.ജി (NEET UG 2026) സ്‌കോറടിസ്ഥാനത്തിലാണ്. ആർക്കിടെക്ച്ചർ പ്രവേശനം നാറ്റാ (NATA) സ്‌കോറും യോഗ്യതാ പരീക്ഷയുടെ മാർക്കും തുല്യാനുപാതത്തില്‍ പരിഗണിച്ചാണ്. എല്ലാ വിഭാഗക്കാരും കേരളത്തിലെ പ്രവേശനത്തിന് ഇപ്പോള്‍ അപേക്ഷ സമർപ്പിക്കണം.
അപേക്ഷ
ഔദ്യോഗിക വെബ്‌സൈറ്റായ www.cee.kerala.gov.in വഴി ജനുവരി 31 വൈകുന്നേരം 5.00 മണിവരെ അപേക്ഷ സമർപ്പിക്കാം. അപേക്ഷകരുടെ പത്താം ക്ലാസ് സർട്ടിഫിക്കറ്റ്, ജനനതീയതി, നേറ്റിവിറ്റി തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റുകള്‍, പുതിയ ഫോട്ടോ, ഒപ്പ്, സംവരണത്തിന് വേണ്ട രേഖകള്‍ എന്നിവ അപേക്ഷയോടൊപ്പം ഓണ്‍ലൈനായി സമർപ്പിക്കണം. വിവിധ യോഗ്യതകള്‍ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകള്‍, മറ്റ് അനുബന്ധ രേഖകള്‍ എന്നിവ അപ്ലോഡ് ചെയ്യാൻ ഫെബ്രുവരി 7 വരെ സമയമുണ്ട്. എല്ലാ കോഴ്‌സുകള്‍ക്കും ഒറ്റ അപേക്ഷ മതി.
അക്‌നോളജ്‌മെന്റ് പേജിന്റെ പകർപ്പ് സൂക്ഷിച്ചുവയ്ക്കണം. അപേക്ഷയുടെയോ രേഖകളുടെയോ പകർപ്പ് പ്രവേശന കാര്യാലയത്തിലേയ്ക്ക് അയക്കേണ്ടതില്ല. ഏപ്രില്‍ ഒന്നു മുതല്‍ അഡ്മിറ്റ് കാർഡ് ഡൗണ്‍ലോഡ് ചെയ്യാം. കേരളത്തില്‍ എല്ലാ ജില്ലകളിലും പരീക്ഷ എഴുതാം. മുംബൈ, ബെംഗളൂരു, ചെന്നൈ, ന്യൂഡല്‍ഹി,യു.എ.ഇ എന്നിവിടങ്ങളിലും കേന്ദ്രങ്ങളുണ്ട്. മെയ് പത്തിന് ഫലം പ്രതീക്ഷിക്കാം.
അപേക്ഷാ ഫീസ്
എൻജിനീയറിങ്/ ഫാർമസിക്ക് 925 രൂപ, ആർക്കിടെക്ചർ /മെഡിക്കല്‍ & അലൈഡിന് 650 രൂപ എന്നിങ്ങനെ അപേക്ഷാ ഫീസ് അടയ്ക്കണം. പട്ടികജാതി വിഭാഗക്കാർക്ക് യഥാക്രമം 400, 260 രൂപ മതി. പട്ടികവർഗ വിഭാഗക്കാർക്ക് ഫീസില്ല. യു.എ.ഇയില്‍ പരീക്ഷയെഴുതണമെങ്കില്‍ 16000 രൂപ അധികമായി അടക്കേണ്ടി വരും. സിലബസടക്കം വിശദ വിവരങ്ങള്‍ www.cee.kerala.gov.in ല്‍ ലഭ്യമാണ്. ഇ.മെയില്‍: ceekinfo.cee@kerala.gov.in. ഫോണ്‍ : 0471-2332120.
