മരുന്നുകള്‍ കൊണ്ടുവരുമ്പോള്‍ പുതിയ നിബന്ധനകള്‍ പുറത്തിറക്കി കുവൈത്ത് കസ്റ്റംസ്
വിദേശത്ത് നിന്ന് കുവൈത്തിലേക്ക് എത്തുന്ന യാത്രക്കാർ കൈവശം വെക്കുന്ന നാർക്കോട്ടിക്, സൈക്കോട്രോപിക് വിഭാഗത്തില്‍പ്പെട്ട മരുന്നുകള്‍ക്ക് നിയന്ത്രണം ഏർപ്പെടുത്തി ജനറല്‍ അഡ്മിനിസ്‌ട്രേഷൻ ഓഫ് കസ്റ്റംസ് പുതിയ ഉത്തരവ് പുറത്തിറക്കി.ആരോഗ്യ മന്ത്രാലയത്തിന്റെ 2025-ലെ 202-ാം നമ്പർ തീരുമാനത്തിന്‍റെ അടിസ്ഥാനത്തിലാണ് ഈ നടപടി. ഷെഡ്യൂള്‍ ഒന്നില്‍ ഉള്‍പ്പെട്ട മാരകമായ വേദനസംഹാരികളും മറ്റും കൈവശം വെക്കുന്നുണ്ടെങ്കില്‍, അത് പരമാവധി 15 ദിവസത്തെ ചികിത്സയ്ക്ക് ആവശ്യമുള്ള അളവില്‍ മാത്രമേ കൊണ്ടുവരാൻ പാടുള്ളൂ.
മാനസികാരോഗ്യവുമായി ബന്ധപ്പെട്ടതോ അല്ലാത്തതോ ആയ സൈക്കോട്രോപിക് മരുന്നുകള്‍ (ഷെഡ്യൂള്‍ 3, 4, 30) പരമാവധി ഒരു മാസത്തെ ചികിത്സയ്ക്ക് ആവശ്യമായ അളവില്‍ കൊണ്ടുവരാം. യാത്രക്കാർ ഒറിജിനല്‍ മെഡിക്കല്‍ റിപ്പോർട്ടോ ഡോക്ടറുടെ പ്രിസ്‌ക്രിപ്ഷനോ കസ്റ്റംസില്‍ ഹാജരാക്കണം. ഈ രേഖകള്‍ വിദേശത്തുള്ള ഔദ്യോഗിക കുവൈത്ത് അതോറിറ്റികള്‍ (കുവൈത്ത് എംബസി അല്ലെങ്കില്‍ കോണ്‍സുലേറ്റ്) വഴി രേഖാമൂലമോ ഇലക്‌ട്രോണിക് രീതിയിലോ സാക്ഷ്യപ്പെടുത്തിയിരിക്കണം. രേഖകള്‍ കൃത്യമായി സാക്ഷ്യപ്പെടുത്തിയിട്ടില്ലെങ്കില്‍ മരുന്നുകള്‍ വിട്ടുകൊടുക്കില്ലെന്നും നടപടിക്രമങ്ങള്‍ പൂർത്തിയാക്കുന്നത് വരെ അവ കസ്റ്റംസ് തടഞ്ഞുവെക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നല്‍കി.
