വിജിലൻസിനെ കണ്ടപ്പോള്‍ കൈക്കൂലിപ്പണം വലിച്ചെറിഞ്ഞ് രക്ഷപ്പെടാൻ ശ്രമം; ലീഗല്‍ മെട്രോളജി ഉദ്യോഗസ്ഥര്‍ പിടിയില്‍
തിരുവനന്തപുരം: വിജിലൻസിനെ നടത്തിയ മിന്നല്‍ പരിശോധനയ്ക്കിടെ കൈക്കൂലിപ്പണം വലിച്ചെറിഞ്ഞ് രക്ഷപെടാൻ ശ്രമിച്ച ലീഗല്‍ മെട്രോളജി ഉദ്യോഗസ്ഥർ പിടിയിലായി.നെടുമങ്ങാട് മുണ്ടേലയിലുള്ള ലീഗല്‍ മെട്രോളജി ഓഫീസിലാണ് നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്. മുണ്ടേലയില്‍ ഓട്ടോറിക്ഷകളുടെ മീറ്റർ പരിശോധന നടക്കുന്നതിനിടെയാണ് വിജിലൻസ് സംഘം അപ്രതീക്ഷിതമായി ഉദ്യോഗസ്ഥരുടെ മുന്നില്‍ പ്രത്യക്ഷപ്പെട്ടത്.
വിജിലൻസ് ഉദ്യോഗസ്ഥരെ കണ്ടതോടെ പരിഭ്രാന്തരായ ലീഗല്‍ മെട്രോളജി ഉദ്യോഗസ്ഥർ കൈവശമുണ്ടായിരുന്ന കൈക്കൂലിപ്പണം ഓഫീസിന് പുറത്തേക്ക് വലിച്ചെറിയുകയായിരുന്നു. ഉദ്യോഗസ്ഥർ വലിച്ചെറിഞ്ഞ 5,000 രൂപ വിജിലൻസ് സംഘം നടത്തിയ തിരച്ചിലിനൊടുവില്‍ കണ്ടെടുത്തു. തുടർന്ന് ഓഫീസിനുള്ളില്‍ നടത്തിയ പരിശോധനയില്‍ കണക്കില്‍പ്പെടാത്ത 12,000 രൂപയും കൂടി പിടിച്ചെടുത്തിട്ടുണ്ട്.ലീഗല്‍ മെട്രോളജി ഇൻസ്പെക്ടർ ഉള്‍പ്പെടെ മൂന്ന് ജീവനക്കാരാണ് നിലവില്‍ വിജിലൻസിന്റെ പിടിയിലായത്. ഓട്ടോ തൊഴിലാളികളില്‍ നിന്നും മറ്റും വ്യാപകമായി കൈക്കൂലി വാങ്ങുന്നതായി ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഈ ‘ഓപ്പറേഷൻ’.
വിജിലൻസ് സംഘം എത്തിയപ്പോള്‍ തെളിവ് നശിപ്പിക്കാനായിരുന്നു ഉടൻ തന്നെ പണം പുറത്തേക്ക് എറിഞ്ഞത്. എന്നാല്‍ ഓടി രക്ഷപെടാനുള്ള ശ്രമം തടയുകയും എറിഞ്ഞുകളഞ്ഞ തുക കൃത്യമായി വിജിലൻസ് കണ്ടെടുക്കുകയുമായിരുന്നു. സംഭവത്തില്‍ ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.
