Latestകേരളം

ഓട്ടിസം ബാധിതനായ പത്തുവയസുകാരനെ പീഡിപ്പിച്ചു: അധ്യാപകൻ കുറ്റക്കാരനെന്ന് കോടതി

ഓട്ടിസം ബാധിതനായ പത്തുവയസുകാരനെ പീഡിപ്പിച്ച കേസില്‍ പ്രതി കുറ്റക്കാരനെന്ന് കോടതി. തിരുവനന്തപുരം പൗഡിക്കോണം സ്വദേശിയും കുട്ടിയുടെ അദ്ധ്യാപകനുമായ സന്തോഷ്‌ കുമാർ (56) ആണ് കുറ്റക്കാരനെന്ന് തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതി കണ്ടെത്തിയത്.പിഴ ഒടുക്കിയില്ലെങ്കില്‍ കൂടുതലായി ശിക്ഷ അനുഭവിക്കണമെന്ന് കോടതി പറഞ്ഞു.

2019 ജൂലൈയിലാണ് കേസിനാസ്പദമായ സംഭവം. കുട്ടി പഠിച്ചിരുന്ന സ്കൂളിലെ അദ്ധ്യാപകനായിരുന്നു. കണ്ണൂർ സ്വദേശിയായ കുട്ടി ഓട്ടിസം സംബന്ധമായ ചികിത്സകള്‍ക്കും മറ്റുമായാണ് തിരുവനന്തപുരത്ത് താമസിച്ചിരുന്നത്. തിരുവനന്തപുരത്തു തന്നെ ഒരു സ്കൂളില്‍ മൂന്നാം ക്ലാസിലാണ് കുട്ടി പഠിച്ചിരുന്നത്. കുട്ടിയുടെ ഡിസബിലിറ്റി മുതലെടുത്താണ് പ്രതി കുട്ടിയോട് ലൈംഗികാതിക്രമം നടത്തിയത്.ചികിത്സയില്‍ നല്ല മാറ്റം കണ്ടു വന്നിരുന്ന കുട്ടി, പെട്ടെന്ന് നിയന്ത്രിക്കാൻ പറ്റാത്ത രീതിയില്‍ അക്രമാസക്തമായി തുടങ്ങിയപ്പോള്‍ കുട്ടിയുടെ അമ്മ ശ്രദ്ധിക്കുകയായിരുന്നു. കുട്ടിയുടെ ശരീരത്തില്‍ മുറിപ്പാടുകളും ഉണ്ടായിരുന്നു. എങ്ങനെപ്പറ്റിയെന്ന് അന്വേഷിച്ചപ്പോള്‍ സംസാരിക്കാൻ ബുദ്ധിമുട്ടുള്ള കുട്ടിക്ക് കാര്യങ്ങള്‍ വ്യക്തമാക്കാൻ സാധിച്ചിരുന്നില്ല. ഓട്ടിസം ബാധിതനായ കുട്ടിക്ക് കാണുന്നതും കേള്‍ക്കുന്നതും അനുഭവിക്കുന്നതുമായ കാര്യങ്ങള്‍ ബുക്കില്‍ എഴുതിയോ വരച്ചോ വെക്കുന്ന ശീലമുണ്ടായിരുന്നു. കുട്ടിക്കുണ്ടായ ഈ അനുഭവവും കുട്ടിയുടെ ബുക്കില്‍ എഴുതിയിരുന്നു. ഒടുവില്‍ കുട്ടിയുടെ സ്‌പീച്ച്‌ തെറാപ്പിസ്റ്റ് വഴിയാണ് കുട്ടി സംഭവങ്ങള്‍ പുറത്തുപറയുന്നത്.

അപ്പോഴും കുട്ടി പറയുന്ന കാര്യങ്ങള്‍ അവ്യക്തമായതിനാല്‍ CWCയുടെ നിർദ്ദേശപ്രകാരം മെന്റല്‍ ഹെല്‍ത്ത്‌ സെന്ററിലെ ഡോക്ടർ ഉള്‍പ്പെടുന്ന ഒരു മൂന്നംഗ പാനല്‍ രൂപീകരിച്ചാണ് കുട്ടിയുടെ മൊഴി വീണ്ടും രേഖപ്പെടുത്തിയത്. സ്കൂളിലെ ബാത്ത്റൂമില്‍ വെച്ചാണ് പ്രതി കുട്ടിയെ പല തവണ പീഡിപ്പിച്ചത്.

ഓരോ തവണയും കുട്ടി ഇഷ്ടക്കേട് കാണിക്കുമ്പോഴും ബഹളം വെക്കുമ്പോഴും പ്രതി കുട്ടിയുടെ തല പിടിച്ച്‌ ചുമരില്‍ ഇടിക്കുകയും അമ്മയെ കൊല്ലും എന്ന് പറഞ്ഞു ഭീഷണിപ്പെടുത്തുകയും ചെയ്യുമായിരുന്നു. കുട്ടിക്ക് മിഠായിയും ബിസ്ക്കറ്റും മറ്റുമൊക്കെ നല്‍കിയാണ് പലതവണ പ്രതി കുട്ടിയെ പീഡിപ്പിച്ചത്. കുട്ടി ഭയന്ന് പുറത്ത് പറഞ്ഞില്ല. പ്രോസീക്യൂഷനു വേണ്ടി സ്പെഷ്യല്‍ പബ്ലിക് പ്രൊസീക്യൂട്ടർ അഡ്വ .ആർ.എസ് വിജയ് മോഹൻ ഹാജരായി.