എട്ടാം ക്ലാസ് വിദ്യാർഥിയായ ദലിത് ബാലനെ കത്തുന്ന മാലിന്യക്കുഴിയിലേക്ക് തള്ളിയിട്ട് സഹപാഠികള്‍
ചെന്നൈ: എട്ടാം ക്ലാസ് വിദ്യാർഥിയായ ദലിത് ബാലനെ കത്തുന്ന മാലിന്യക്കുഴിയിലേക്ക് തള്ളിയിട്ട് സഹപാഠികള്‍. തമിഴ്നാട്ടിലെ തിരുപ്പൂർ ജില്ലയിലെ കുന്നത്തൂരിലെ കറുപ്പണ്ണ നാടാർ ഹൈസ്കൂളില്‍ വെള്ളിയാഴ്ചയാണ് സംഭവം.തീയില്‍ വീണ് മെർകുപതി സ്വദേശിയായ 13കാരന് ഗുരുതരമായി പൊള്ളലേറ്റു. ജാതീയമായ അതിക്രമമാണ് കുട്ടിക്ക് നേരെയുണ്ടായതെന്ന് 13കാരന്റെ പിതാവ് ആരോപിച്ചു.
സ്കൂള്‍ വിട്ട ശേഷം ക്ലാസിലെ ചപ്പുചവറുകള്‍ മാലിന്യക്കുഴിയില്‍ കളയാൻ പോവുകയായിരുന്നു കുട്ടി. ഈ സമയം പിന്നാലെയെത്തിയ മറ്റ് രണ്ട് വിദ്യാർഥികള്‍ 13കാരന്റെ കൈകാലുകള്‍ പിടിച്ച് കത്തുന്ന മാലിന്യക്കുഴിയിലേക്ക് എറിയുകയായിരുന്നെന്നാണ് പരാതി. കരച്ചില് കേട്ടെത്തിയ മറ്റ് കുട്ടികളാണ് തീയില്‍ കിടന്ന് പുളയുകയായിരുന്ന കുട്ടിയെ രക്ഷിച്ചത്.
കൈകളിലും പിൻഭാഗത്തും ഗുരുതരമായി പൊള്ളലേറ്റ കുട്ടിയെ കുന്നത്തൂരിലെ സർക്കാർ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി പെരുന്തുറൈ സർക്കാർ മെഡിക്കല്‍ കോളജിലേക്കും പിന്നീട് കോയമ്പത്തൂരിലെ ആശുപത്രിയിലേക്കും മാറ്റി. രണ്ട് സഹപാഠികള്‍ തന്റെ കൈകളും കാലുകളും പിടിച്ച് തീയിലേക്ക് എറിയുകയായിരുന്നെന്ന് പരിക്കേറ്റ കുട്ടി മാധ്യമങ്ങളോട് പറഞ്ഞു.
