Latestകേരളം

സംഗീത സംവിധായകൻ എസ്.പി വെങ്കിടേഷ് അന്തരിച്ചു

സംഗീത സംവിധായകൻ എസ് പി വെങ്കിടേഷ് അന്തരിച്ചു. ചെന്നൈയിലെ വീട്ടില്‍ ഹൃദയാഘാതത്തെ തുടർന്ന് ആണ് അന്ത്യം.70 വയസ്സ് ആയിരുന്നു. 1980 കളിലും 90കളിലും മലയാള സിനിമയില്‍ തിളങ്ങി നിന്ന സംഗീത സംവിധായകനായിരുന്നു എസ് പി വെങ്കിടേഷ്. രാവിലെ ശുചിമുറിയില്‍ വെച്ച്‌ ഹൃദയാഘാതം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.

1968 മുതല്‍ തമിഴിലും തെലുങ്കിലും കന്നഡയിലും മലയാളത്തിലുമായി നിരവധി ചിത്രങ്ങളുടെ ഓര്‍ക്കസ്ട്രയില്‍ എസ്.പി വെങ്കിടേഷുമുണ്ടായിരുന്നു. 1971 ല്‍ സംഗീത സംവിധായകൻ വിജയഭാസ്‌കറിനൊപ്പം സിനിമയില്‍ ഗിറ്റാർ വായിച്ചുകൊണ്ടായിരുന്നു തുടക്കം. 1975 ല്‍ കന്നഡ സിനിമകളില്‍ അസിസ്റ്റന്റ് മ്യൂസിക് ഡയറക്ടറായി. 1981ല്‍ പ്രേമയുദ്ധ എന്ന തെലുങ്കു ചിത്രത്തിലൂടെ സ്വതന്ത്ര സംഗീത സംവിധായകൻ. രണ്ടു വര്‍ഷം കഴിഞ്ഞ് മലയാളത്തിലേക്ക്.

സത്യൻ അന്തിക്കാടിന്റെ ടി.പി. ബാലഗോപാലൻ എം.എ. എന്ന ചിത്രത്തില്‍ എ.ടി. ഉമ്മറിന്റെ സഹായിയായി അദ്ദേഹം ഓർക്കസ്‌ട്രേഷൻ ഒരുക്കി.