താപനിലയിൽ 2-4 ഡിഗ്രി സെൽഷ്യസ് വർധന: ചൂട് ഇനിയും ഉയരും
കണ്ണൂർ: സംസ്ഥാനത്ത് പകൽ താപനില സാധാരണയെക്കാൾ 2 മുതൽ 4 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്ന നിലയിൽ. മുൻകാലങ്ങളിൽ വേനൽ കാലത്ത് മാത്രം നേരിട്ടിരുന്ന കഠിനമായ ചൂടാണ് ഇപ്പോൾ അനുഭവപ്പെടുന്നത്.
ഈ മാസം രണ്ടിന് കണ്ണൂർ വിമാന താവളത്തിൽ രേഖപ്പെടുത്തിയ 37 ഡിഗ്രി സെൽഷ്യസ് ഇതേ സമയത്ത് രാജ്യത്തെ തന്നെ ഏറ്റവും ഉയർന്ന താപനിലയിൽ ഒന്നായിരുന്നു. വായുവിലെ ഉയർന്ന ഈർപ്പമാണ് ചൂടിനെ അപകടകരമാക്കുന്നത്. ഉയർന്ന ഈർപ്പം കാരണം അനുഭവപ്പെടുന്ന ചൂട് യഥാർഥ താപനിലയെക്കാൾ 5 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നിരിക്കും.
വരും മാസങ്ങളിലും കഠിനമായ ചൂടിന് സാധ്യത ഉണ്ടെന്നാണ് വിലയിരുത്തുന്നത്. ഇന്നും പകൽച്ചൂട് ഏറിയിരിക്കും. ഒറ്റപ്പെട്ട ഇടങ്ങളിൽ നേരിയ മഴയ്ക്കു സാധ്യതയുണ്ട്. ചില പ്രദേശങ്ങളിൽ 40 കിലോമീറ്റർ വരെ വേഗത്തിലുള്ള കാറ്റിനും സാധ്യതയുണ്ട്.
