നരേന്ദ്രമോദിയുടെ പരീക്ഷ പേ ചർച്ച സംവാദത്തിന്റെ ഒമ്പതാം പതിപ്പിന് തുടക്കമായി
ദില്ലി : വിദ്യാർത്ഥികളുമായുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പരീക്ഷ പേ ചർച്ച സംവാദത്തിന്റെ ഒമ്പതാം പതിപ്പിന് തുടക്കമായി.പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ നടന്ന സംവാദത്തില്‍ പരീക്ഷയെ ഭയമില്ലാതെ നേരിടാനുള്ള മാർഗങ്ങള്‍ പ്രധാനമന്ത്രി വിദ്യാർത്ഥികള്‍ക്ക് പകർന്നു നല്കി. വിദ്യാർത്ഥികളും അധ്യാപകരും രക്ഷിതാക്കളും അടക്കം നാലരക്കോടിയിലേറെ ആളുകളാണ് ഇത്തവണ പരീക്ഷാ പേ ചർച്ചയ്ക്കായി രജിസ്റ്റർ ചെയ്തത്.
ചോദിച്ചും പറഞ്ഞും ചിരിച്ചും കളിച്ചും സമ്മർദ്ദത്തിന് സ്ഥാനമില്ലാത്ത ഒരു സംവാദം. പ്രധാനമന്ത്രിയില്‍ നിന്നും അധ്യാപകനിലേക്കുള്ള നരേന്ദ്രമോദിയുടെ മാറ്റത്തിനാണ് പരീക്ഷാ പേ ചർച്ച സംവാദം സാക്ഷ്യം വഹിച്ചത്. അസമിന്റെ പരമ്പരാഗത ഷോളായ ഗമോസ നല്‍കിയാണ് മോദി വിദ്യാർത്ഥികളെ സ്വീകരിച്ചത്. അസം സംസ്കാരത്തില്‍ ഗമോസയ്ക്കുള്ള പ്രാധാന്യവും മോദി വിദ്യാർത്ഥികളോട് പറഞ്ഞു.
പരീക്ഷകളെ സമ്മർദ്ദം കൂടാതെ നേരിടുന്നതിനനെ കുറിച്ച് വിദ്യാർത്ഥികള്‍ ചോദിച്ച ചോദ്യങ്ങളോട് പ്രധാനമന്ത്രി മറുപടി നല്കി. ചോദ്യങ്ങള്‍ക്കും ഉത്തരങ്ങള്‍ക്കും അപ്പുറം ജീവിതമെന്നത് പരീക്ഷകള്‍ മാത്രമല്ല എന്ന വലിയ പാഠം മോദി വിദ്യാർത്ഥികള്‍ക്ക് പകർന്നു നല്കി. പഞ്ചതന്ത്രം കഥകള്‍ മുതല്‍ എഐ വരെ സംവാദത്തില്‍ ചർച്ചയായി. സ്വദേശി ഉല്‍പ്പന്നങ്ങളെ പ്രോത്സാഹിപ്പിക്കണമെന്നും ജീവിതത്തില്‍ ശുചിത്വവും അച്ചടക്കവും പാലിക്കണമെന്നും മോദി വിദ്യാർത്ഥികള്‍ക്ക് നിർദ്ദേശം നല്കി. ഒടുവില്‍ പ്രധാനമന്ത്രിക്ക് നിറയെ സമ്മാനങ്ങള്‍ നല്‍കിയാണ് വിദ്യാർത്ഥികള്‍ മടങ്ങിയത്. ദില്ലിക്ക് പുറമെ കോയമ്പത്തൂർ, റായ്പൂർ, ദേവ് മോഗ്രാ, ഗുവാഹത്തി എന്നിവിടങ്ങളിലും പരീക്ഷ പേ ചർച്ചയില്‍ മോദി വിദ്യാർത്ഥികളുമായി സംവദിക്കും.
