ഇറക്കത്തില്‍ സ്കൂട്ടറിന്റെ നിയന്ത്രണം വിട്ടു, സംരക്ഷണ ഭിത്തി തകര്‍ത്ത് കുഴിയിലേക്ക് വീണു; അച്ഛനും മകള്‍ക്കും ദാരുണാന്ത്യം
കോഴിക്കോട് ഴിക്കോട്: ഇറക്കത്തില്‍ നിയന്ത്രണം വിട്ട സ്കൂട്ടർ പാതയോരത്തെ സംരക്ഷണ ഭിത്തി തകർത്ത് താഴ്ചയിലേക്കു പതിച്ചുണ്ടായ അപകടത്തില്‍ പിതാവും മകളും മരിച്ചു.പുറക്കാട്ടിരി സ്വദേശി റാഫി (60), മകള്‍ ഫാത്തിമ നേഹ(19) എന്നിവരാണ് മരിച്ചത്. കോഴിക്കോട് ചേവായൂർ മാലൂർകുന്ന് എൻജിഒ ക്വാർട്ടേഴ്സ് – എആർ ക്യാംപ് റോഡിനു സമീപമാണ് വെള്ളിയാഴ്ച വൈകിട്ട് അപകടമുണ്ടായത്. കുത്തനെയുള്ള ഇറക്കത്തില്‍ നിയന്ത്രണം നഷ്ടമായ സ്കൂട്ടർ പാതയോരത്തെ സംരക്ഷണ ഭിത്തി തകർത്ത് താഴ്ചയിലുള്ള വീട്ടുമുറ്റത്തേക്ക് പതിക്കുകയായിരുന്നു.
ഇരുവരുടെയും മൃതദേഹങ്ങള്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി. വെള്ളിമാടുകുന്ന് ജെഡിടി ആർട്സ് ആൻഡ് സയൻസ് കോളജിലെ ഒന്നാം വർഷ ബികോം ബിരുദ വിദ്യാർഥിയാണ് ഫാത്തിമ നേഹ. 2024 ല്‍ ഇതേ സ്ഥലത്ത് വാഹനം തൊട്ടടുത്ത വീടിന്റെ ടെറസിലേക്ക് പതിച്ച് ഒരു സ്ത്രീയും മരിച്ചിരുന്നു. കഴിഞ്ഞ വർഷവും മൂന്നു വിദ്യാർഥികള്‍ക്ക് ഇവിടെ താഴേക്ക് വീണ് പരുക്കേറ്റിരുന്നു.
പറമ്പില്‍ ബസാർ, കണ്ണാടിക്കല്‍ ഭാഗങ്ങളിലേക്കു പോകാൻ എളുപ്പവഴിയായതിനാല്‍ ഏറെപ്പേർ ദിവസവും സഞ്ചരിക്കുന്ന വഴിയാണിത്. അപകടങ്ങള്‍ ഉണ്ടാകുന്ന പശ്ചാത്തലത്തില്‍ ഇവിടെ ബാരിക്കേഡുകളും മറ്റും സ്ഥാപിച്ചിരുന്നു. വെളളിയാഴ്ചത്തെ അപകടത്തോടെ ഇതുവരെ ഇവിടെ മൂന്നു പേർക്ക് ജീവൻ നഷ്ടമായി. അപകട സാധ്യത പരിഗണിച്ച് കഴിഞ്ഞ ദിവസമാണ് ഇവിടെ അപകട മുന്നറിയിപ്പ് ബോർഡ് സ്ഥാപിച്ചതെന്ന് നാട്ടുകാർ പറഞ്ഞു.
