ബിജെപി കൗണ്‍സിലറുടെ മൂന്നാം ഭാര്യയെ ആദ്യ ബന്ധത്തിലെ മകൻ കുത്തിക്കൊന്നു
ഭോപ്പാൽ മധ്യപ്രദേശില്‍ ബിജെപി കൗണ്‍സിലറുടെ മൂന്നാം ഭാര്യയെ ആദ്യ ബന്ധത്തിലെ മകൻ കുത്തിക്കൊന്നു. മന്ദ്സൗർ മുനിസിപ്പല്‍ കൗണ്‍സിലർ ഷാഹിദ് മിയോയുടെ മൂന്നാമത്തെ ഭാര്യ റുബീന ആണ് കൊല്ലപ്പെട്ടത്.
വ്യാഴാഴ്ച വൈകുന്നേരമാണ് സംഭവം. ഷാഹിദ് മിയോയുടെ ആദ്യ ഭാര്യയിലെ മകൻ സാഹില്‍ ആണ് പ്രതി. പിതാവ് മൂന്നാമതും വിവാഹം കഴിച്ചതില്‍ സാഹില്‍ കുപിതനായിരുന്നു. മാസങ്ങളായി റുബീനയോട് കടുത്ത പക പുലർത്തിയിരുന്ന സാഹില്‍ ഒടുവില്‍ കൃത്യം നടപ്പാക്കുകയായിരുന്നു.
കോട്വാലി പോലീസ് സ്റ്റേഷൻ പരിധിയിലുള്ള അഭിനന്ദൻ നഗറില്‍ വൈകുന്നേരം 5:30 ഓടെയാണ് സംഭവം നടന്നത്. മദർപുരയിലുള്ള മാതാപിതാക്കളുടെ അടുക്കല്‍നിന്നും ഓട്ടോറിക്ഷയില്‍ വന്നിറങ്ങുമ്പോള്‍ ബൈക്കിലെത്തിയ സാഹില്‍ ഇവരുടെ വയറ്റിലും നെഞ്ചിലും തലയിലും കത്തികൊണ്ട് കുത്തുകയായിരുന്നു. മറ്റൊരാളും സാഹിലിനൊപ്പമുണ്ടായിരുന്നു. സംഭവത്തിന് പിന്നാലെ പ്രതികള്‍ സ്ഥലത്ത് നിന്നും ഓടിപ്പോയി.
ഗുരുതരമായി പരിക്കേറ്റ റുബീനയെ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണംസംഭവിച്ചിരുന്നു. സംഭവത്തിന് പിന്നാല് സാഹില്‍ ആണെന്ന് ആർക്കും മനസിലായിരുന്നില്ല.
എന്നാല്‍, ചുറ്റുമുള്ള പ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങളും സാങ്കേതിക തെളിവുകളും പോലീസിനെ സാഹിലിലേക്ക് എത്തിച്ചു. ഇയാളെ അറസ്റ്റ് ചെയ്ത് നടത്തിയ ചോദ്യം ചെയ്യലില്‍ പിതാവിന്റെ പുനർവിവാഹത്തോടുള്ള എതിർപ്പാണ് കൊലനടത്താൻ കാരണമായതെന്ന് സാഹില്‍ പോലീസിനോടു പറഞ്ഞു.
സാഹിലിനൊപ്പമുണ്ടായിരുന്ന സുഹൃത്ത് സോഹിലിനെയും പോലീസ് അറസ്റ്റ് ചെയ്തു. ഇരുവർക്കുമെതിരെ പോലീസ് കൊലക്കുറ്റത്തിന് കേസെടുത്തു.
