പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഗര്‍ഭം തുടരാൻ നിര്‍ബന്ധിക്കാനാവില്ല: സുപ്രിംകോടതി
ഡല്‍ഹി: പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയുടെ പ്രത്യുല്‍പാദനപരമായ സ്വയംനിർണയാവകാശത്തിന് പരമമായ പ്രാധാന്യമുണ്ടെന്നും, ഗർഭം തുടരാൻ കുട്ടിയെ നിർബന്ധിക്കാൻ കഴിയില്ലെന്നും സുപ്രിംകോടതി.30 ആഴ്ച പിന്നിട്ട ഗർഭം അവസാനിപ്പിക്കാൻ അനുമതി നല്‍കിക്കൊണ്ടാണ് ജസ്റ്റിസുമാരായ ബി.വി നാഗരത്ന, ഉജ്ജല്‍ ഭൂയാൻ എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷണം നടത്തിയത്. നിർഭാഗ്യകരമായ സാഹചര്യത്തിലാണ് കുട്ടി ഗർഭിണിയായതെന്ന് കോടതി ചൂണ്ടിക്കാട്ടി.
‘ഗർഭം തുടരാൻ പെണ്‍കുട്ടി ആഗ്രഹിക്കുന്നില്ലെങ്കില്‍ അവരെ അതിന് നിർബന്ധിക്കാൻ കോടതിക്ക് കഴിയില്ല. ഒരു ഗർഭധാരണം ആത്യന്തികമായി മറ്റൊരു ജീവിതത്തിലേക്കാണ് നയിക്കുന്നതെങ്കിലും, പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയുടെ വിസമ്മതം ഈ കേസില്‍ നിർണ്ണായക ഘടകമാണ്. ഒരു കുഞ്ഞിന് ജന്മം നല്‍കാൻ അവരെ എങ്ങനെ നിർബന്ധിക്കും?- കോടതി ചോദിച്ചു.
പെണ്‍കുട്ടി പ്രായപൂർത്തിയാകാത്തതിനാല്‍ ഈ ഗർഭധാരണം നിയമവിരുദ്ധമാണെന്നും കോടതി ഓർമിപ്പിച്ചു. ബന്ധം പരസ്പര സമ്മതത്തോടെയുള്ളതാണോ അതോ ലൈംഗികാതിക്രമത്തിന്റെ ഫലമാണോ എന്ന് ഈ ഘട്ടത്തില്‍ പരിശോധിക്കുന്നില്ല. എന്നാല്‍ ഒരു അമ്മ എന്ന നിലയിലുള്ള താല്‍പര്യം കണക്കിലെടുക്കുമ്പോള്‍ പെണ്‍കുട്ടിയുടെ തീരുമാനത്തിനാണ് മുൻഗണന.
24 ആഴ്ച പിന്നിട്ട ഗർഭം അലസിപ്പിക്കാമെങ്കില്‍ എന്തുകൊണ്ട് 30 ആഴ്ചയില്‍ ആയിക്കൂടാ എന്നും ബെഞ്ച് ചോദിച്ചു. മുംബൈയിലെ ജെ.ജെ ആശുപത്രിയോട് ഗർഭം അവസാനിപ്പിക്കാൻ കോടതി നിർദേശിച്ചു.
