Latestദേശീയം

ക്ഷേത്ര മേല്‍ക്കൂര തകര്‍ന്നുവീണ് മൂന്ന് പെണ്‍കുട്ടികള്‍ക്ക് ദാരുണാന്ത്യം; ആറ് പേര്‍ക്ക് പരിക്ക്

ഭോപ്പാൽ : മധ്യപ്രദേശില്‍ ക്ഷേത്ര മേല്‍ക്കൂര തകർന്നുവീണ് മൂന്ന് പെണ്‍കുട്ടികള്‍ക്ക് ദാരുണാന്ത്യം. ആറ് പേർക്ക് പരിക്കേറ്റു.മൊറേന ജില്ലയിലെ അഹ്റൗലി ഗ്രാമത്തില്‍ തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് സംഭവം. പ്രദേശവാസികളുടെ മക്കളായ വൈഷ്ണവി സികർവാർ (11), ഛായാ ഗോസ്വാമി (ഏഴ്), കരിഷ്മ ഗോസ്വാമി (ഒമ്പത്) എന്നിവരാണ് മരിച്ചത്. മറ്റ് നാല് കുട്ടികള്‍ക്കും ദമ്പതികള്‍ക്കും പരിക്കേറ്റു.

ഗുഞ്ജൻ (12), പാരി (എട്ട്), വിദ്യ (ആറ്), സതീഷ് ഗൗഡ് (45), ഭാര്യ പൃഥ്വി ഗൗഡ് (40), മകള്‍ മൻസി ഗൗഡി (14) എന്നിവർക്കാണ് പരിക്കേറ്റത്. പ്രദേശത്തെ ചാമദ് മാതാ ക്ഷേത്രത്തിലെ താഴികക്കുട നിർമാണത്തിനായി പഴയ മേല്‍ക്കൂര പൊളിച്ചുമാറ്റുന്നതിനിടെയാണ് അപകടം.

ഭാര്യ പൃഥ്വിയോടൊപ്പം ക്ഷേത്രത്തില്‍ പ്രസാദം അർപ്പിക്കാൻ എത്തിയതായിരുന്നു ഗ്രാമവാസിയായ സതീഷ് ഗൗഡ്. പ്രസാദം വിതരണം ചെയ്യാൻ അദ്ദേഹം ചില പെണ്‍കുട്ടികളെ ക്ഷേത്രത്തില്‍ വിളിച്ചുവരുത്തിയിരുന്നു. ഈ സമയത്ത്, പഴയ മേല്‍ക്കൂരയുടെ സ്ലാബ് പൊളിഞ്ഞുവീഴുകയായിരുന്നു. താഴെ നിന്നിരുന്ന പെണ്‍കുട്ടികളുടെ മുകളിലേക്കാണ് സ്ലാബ് വീണത്.

ഭാരമുള്ള സ്ലാബായതിനാല്‍, അടിയില്‍ കുടുങ്ങിയ പെണ്‍കുട്ടികളില്‍ മൂന്ന് പേർ സംഭവസ്ഥലത്ത് തന്നെ മരിച്ചു. മറ്റ് പെണ്‍കുട്ടികള്‍ക്കും ദമ്പതികള്‍ക്കും പരിക്കേറ്റു. ക്ഷേത്രത്തിലുണ്ടായിരുന്നവരും ഗ്രാമവാസികളും ചേർന്ന് ഉടൻതന്നെ രക്ഷാപ്രവർത്തനം നടത്തുകയും പരിക്കേറ്റവരെ കൈലാരസ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.