സിവില്‍ സര്‍വീസ് പ്രിലിംസ് മെയ് 24 ന് ; കേരളത്തില്‍ മൂന്ന് കേന്ദ്രങ്ങള്‍
ന്യൂ ഡല്‍ഹി: സിവില്‍ സർവീസ് പരീക്ഷ (CSE), ഇന്ത്യൻ ഫോറസ്റ്റ് സർവീസ് പരീക്ഷ (IFoS) 2026 എന്നിവയ്ക്ക് യൂണിയൻ പബ്ലിക് സർവീസ് കമീഷൻ (UPSC) വിജ്ഞാപനം പ്രസിദ്ധീകരിച്ചു.രണ്ട് പരീക്ഷകള്‍ക്കും പ്രാഥമികഘട്ടമായി കോമണ്‍ സിവില്‍ സർവീസസ് പ്രിലിമിനറി പരീക്ഷയാണ് നടത്തുക. സിവില്‍ സർവീസില്‍ 933 ഒഴിവുകളാണ് പ്രതീക്ഷിക്കുന്നത്. ഇതില്‍ 33 ഒഴിവുകള്‍ ഭിന്നശേഷികാർക്കായി നീക്കി വെച്ചതാണ്. മെയ് 24 നാണ് പ്രാഥമിക പരീക്ഷ നടക്കുക. കേരളത്തില്‍ മൂന്ന് പരീക്ഷാ കേന്ദ്രങ്ങളാണ് ഉണ്ടാവുക.
തസ്തികകളും ഒഴിവുകളും : സിവില്‍ സർവീസ്: ഐഎഎസ്, ഐപിഎസ്, ഐഎഫ്എസ് (ഇന്ത്യൻ ഫോറിൻ സർവീസ്) ഉള്‍പ്പെടെയുള്ള വിവിധ ഗ്രൂപ്പ് എ, ഗ്രൂപ്പ് ബി സർവീസുകളിലായി ഏകദേശം 933 ഒഴിവുകളുണ്ട്. ഇന്ത്യൻ ഫോറസ്റ്റ് സർവീസ് (IFoS) തസ്തികയില്‍ ഏകദേശം 80 ഒഴിവുകളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
യോഗ്യത: സിവില്‍ സർവീസ് – ഏതെങ്കിലും വിഷയത്തില്‍ അംഗീകൃത സർവകലാശാല ബിരുദം.
ഇന്ത്യൻ ഫോറസ്റ്റ് സർവീസ് – അനിമല്‍ ഹസ്ബൻഡറി ആൻഡ് വെറ്ററിനറി സയൻസ്, ബോട്ടണി, കെമിസ്ട്രി, ജിയോളജി, മാത്തമാറ്റിക്സ്, ഫിസിക്സ്, സ്റ്റാറ്റിസ്റ്റിക്സ്, സുവോളജി എന്നിവയില്‍ ഒന്നോ അല്ലെങ്കില്‍ അഗ്രിക്കള്‍ച്ചർ, ഫോറസ്ട്രി, എൻജിനിയറിങ് എന്നിവയിലോ ബിരുദം ഉണ്ടായിരിക്കണം. അവസാന വർഷ പരീക്ഷ എഴുതുന്നവർക്കും അപേക്ഷിക്കാം.
പ്രായപരിധി: 2026 ആഗസ്ത് ഒന്നിന് 21 വയസ് തികഞ്ഞിരിക്കണം. 32 വയസ് കവിയരുത്. പട്ടികജാതി/പട്ടികവർഗ വിഭാഗക്കാർക്ക് അഞ്ച് വർഷവും ഒബിസി വിഭാഗക്കാർക്ക് മൂന്ന് വർഷവും ഭിന്നശേഷിക്കാർക്ക് പത്ത് വർഷവും പ്രായപരിധിയില്‍ ഇളവ് ലഭിക്കും.
അപേക്ഷ ഫീസ്: 100 രൂപ. സ്ത്രീകള്‍, പട്ടികജാതി/പട്ടികവർഗക്കാർ, ഭിന്നശേഷിക്കാർ എന്നിവരെ ഫീസില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഇന്ത്യൻ ഫോറസ്റ്റ് സർവീസ് മെയിൻ പരീക്ഷയ്ക്ക് അർഹത നേടുന്നവർ 200 രൂപ അധികമായി അടയ്ക്കണം.
തെരഞ്ഞെടുപ്പ് രീതി: മൂന്ന് ഘട്ടങ്ങളിലായാണ് തെരഞ്ഞെടുപ്പ്. പ്രിലിമിനറി പരീക്ഷ (ഒബ്ജക്റ്റീവ് ടൈപ്പ്), മെയിൻ പരീക്ഷ (ഡിസ്ക്രിപ്റ്റീവ് ടൈപ്പ്), പേഴ്സണാലിറ്റി ടെസ്റ്റ് (അഭിമുഖം). കേരളത്തില്‍ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളില്‍ പ്രിലിമിനറി പരീക്ഷാകേന്ദ്രങ്ങളുണ്ട്. സിവില്‍ സർവീസ് മെയിൻപരീക്ഷയ്ക്ക് തിരുവനന്തപുരത്താണ് പരീക്ഷാകേന്ദ്രം.
ഫോറസ്റ്റ് സർവീസ് മെയിൻ പരീക്ഷയ്ക്ക് കേരളത്തില്‍ കേന്ദ്രങ്ങളില്ല. ദക്ഷിണേന്ത്യയില്‍ ചെന്നൈ, ഹൈദരാബാദ് എന്നിവയാണ് അടുത്തുള്ള കേന്ദ്രങ്ങള്‍. കമീഷന്റെ ഔദ്യോഗിക വെബ്സൈറ്റ് വഴി ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. വണ്‍ ടൈം രജിസ്ട്രേഷൻ (OTR) മുഖേന അപേക്ഷ സമർപ്പിക്കാം. ഒടിആർ പ്രൊഫൈല്‍ ലോഗിൻ ചെയ്ത് ‘കോമണ്‍ ആപ്ലിക്കേഷൻ ഫോം’ പൂരിപ്പിക്കണം. ഇതില്‍ പരീക്ഷ തിരഞ്ഞെടുക്കുന്ന ഘട്ടത്തില്‍ സിവില്‍ സർവീസ് പരീക്ഷ, ഇന്ത്യൻ ഫോറസ്റ്റ് സർവീസ് പരീക്ഷ അല്ലെങ്കില്‍ ഇവ രണ്ടും (Both) എന്നത് കൃത്യമായി രേഖപ്പെടുത്തണം.
ഇന്ത്യൻ ഫോറസ്റ്റ് സർവീസ് മെയിൻ പരീക്ഷയിലേക്ക് തിരഞ്ഞെടുക്കപ്പെടാൻ സിവില്‍ സർവീസസ് പ്രിലിമിനറി പരീക്ഷയില്‍ യോഗ്യത നേടിയിരിക്കണം. അപേക്ഷ പൂരിപ്പിക്കുമ്പോള്‍ ലൈവ് ഫോട്ടോ എടുക്കുന്നതിനൊപ്പം ഒരു ഫോട്ടോകൂടി അപ്ലോഡ് ചെയ്യണം. കൂടാതെ വെള്ളക്കടലാസില്‍ കറുത്ത മഷി കൊണ്ട് മൂന്ന് തവണ ഒപ്പിട്ട് അത് സ്കാൻ ചെയ്ത് അപ്ലോഡ് ചെയ്യണം.
തിരിച്ചറിയല്‍ രേഖ: ആധാർ കാർഡ്, വോട്ടർ ഐഡി, പാൻ കാർഡ്, പാസ്പോർട്ട്, ഡ്രൈവിങ് ലൈസൻസ് എന്നിവയിലേതെങ്കിലും ഒന്ന് തിരിച്ചറിയല്‍ രേഖയായി നല്‍കുകയും അതിന്റെ സ്കാൻ ചെയ്ത കോപ്പി അപ്ലോഡ് ചെയ്യുകയും വേണം. അവസാന തീയതി: ഫെബ്രുവരി 24. വെബ്സൈറ്റ്: https://upsconline.nic.in.
