Latestകേരളം

പിഎഫ് യുപിഐ വഴി പിന്‍വലിക്കാം; ഏപ്രില്‍ മുതല്‍ സൗകര്യം ലഭ്യമാകും

ഡല്‍ഹി: എംപ്ലോയീസ് പ്രൊവിഡന്‍റ് ഫണ്ട് ഓർഗനൈസേഷന്‍റെ (ഇപിഎഫ്‌ഒ) ദശലക്ഷക്കണക്കിന് വരുന്ന അക്കൗണ്ട് ഉടമകള്‍ക്ക് ഒരു സന്തോഷ വാര്‍ത്ത.യുപിഐ വഴി ഉപഭോക്താക്കള്‍ക്ക് പണം പിൻവലിക്കാനുള്ള സൗകര്യമൊരുങ്ങുകയാണ്. ഇതിനായി പുതിയ മൊബൈല്‍ ആപ്പ് പുറത്തിറക്കും. ഈ വര്‍ഷം ഏപ്രില്‍ മുതല്‍ ഇത്തരത്തില്‍ പണം പിൻവലിക്കാനാകും. പുതിയ സംവിധാനം വഴി അംഗങ്ങള്‍ക്ക് പിഎഫ് തുക നിമിഷങ്ങള്‍ക്കകം അവരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് മാറ്റാൻ സാധിക്കും.

ഇപിഎഫ്‌ഒ പരിഷ്കാരങ്ങളുടെ മൂന്നാം ഘട്ടമായ ‘ഇപിഎഫ്‌ഒ 3.0’ യോടെ ഈ സേവനം പൂർണമായും സജീവമാകും. ഈ പുതിയ മൊബൈല്‍ ആപ്പും യുപിഐ സംവിധാനവും പരീക്ഷണടിസ്ഥാനത്തില്‍ പ്രവര്‍ത്തനം ആരംഭിച്ചതായി തൊഴില്‍ മന്ത്രാലയത്തിലെ വൃത്തങ്ങള്‍ പറയുന്നു. ഏപ്രിലില്‍ ലോഞ്ച് ചെയ്യുന്ന സമയത്ത് സാങ്കേതിക തകരാറുകള്‍ ഉണ്ടാകാതിരിക്കാൻ 100-ലധികം ഡമ്മി അക്കൗണ്ടുകളിലൂടെ ഈ സാങ്കേതികവിദ്യ പരീക്ഷിച്ചുവരികയാണ്.

യുപിഐ സംവിധാനം നിലവില്‍ വന്നാലും മുഴുവൻ തുക പിൻവലിക്കാനാകില്ല. പുതിയ ലേബർ കോഡ് നിയമങ്ങള്‍ പ്രകാരം, ഇപിഎഫ് അക്കൗണ്ടിലെ മൊത്തം തുകയുടെ കുറഞ്ഞത് 25 ശതമാനമെങ്കിലും പിന്‍വലിക്കാന്‍ കഴിയാത്ത വിധം ലോക്ക് ചെയ്യപ്പെടും. അക്കൗണ്ട് ഉടമകള്‍ക്ക് അവരുടെ ആവശ്യങ്ങള്‍ക്കനുസരിച്ച്‌ ബാക്കി തുകയില്‍ നിന്ന് മാത്രമേ പണം പിൻവലിക്കാൻ കഴിയൂ. പുതിയ മൊബൈല്‍ ആപ്പിലൂടെ ഉപയോക്താക്കള്‍ക്ക് അവരുടെ പാസ്ബുക്ക് ബാലൻസ് കാണാനും മറ്റ് ആവശ്യമായ സേവനങ്ങള്‍ നേടാനും സാധിക്കും.

പുതിയ മൊബൈല്‍ ആപ്പ് ആരംഭിച്ചതിനുശേഷവും, നിലവില്‍ പ്രവർത്തിക്കുന്ന UAN നമ്പറിന്റെയും UMANG പോർട്ടലിന്റെയും സേവനങ്ങള്‍ നിർത്തലാക്കില്ല. നിലവില്‍,പിഎഫ് പിൻവലിക്കല്‍ പ്രക്രിയയ്ക്ക് ഗണ്യമായ സമയമെടുക്കുന്നുണ്ട്. എന്നിരുന്നാലും ഓട്ടോ-സെറ്റില്‍മെന്റ് മോഡില്‍, അപേക്ഷിച്ചതിന് ശേഷം മൂന്ന് ദിവസത്തിനുള്ളില്‍ സെറ്റില്‍മെന്‍റ് നടക്കുന്നു. അടുത്തിടെ, ഇപിഎഫ്‌ഒ ഓട്ടോ-സെറ്റില്‍മെന്‍റ് പരിധി ഒരു ലക്ഷത്തില്‍ നിന്ന് അഞ്ച് ലക്ഷം രൂപയായി ഉയർത്തിയിട്ടുണ്ട്.