ശബരിമല സ്വര്‍ണക്കൊള്ള കേസ്; പ്രതിയായ ജ്വല്ലറി ഉടമ ഗോവര്ധന് തിരിച്ചടി, ജാമ്യാപേക്ഷ തള്ളി സുപ്രീം കോടതി
ഡൽഹി: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ പ്രതിയായ ജ്വല്ലറി ഉടമ ഗോവര്ധന് തിരിച്ചടി. ഗോവര്‍ധന്റെ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളി.അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണെന്നും ഈ സമയം ഇടപെടാനാകില്ലെന്നും വ്യക്തമാക്കിയാണ് സുപ്രീം കോടതി ജാമ്യാപേക്ഷ തള്ളിയത്.
കുറ്റപത്രം അടക്കമുള്ള കാര്യങ്ങള്‍ സമര്‍പ്പിച്ചശേഷം ജാമ്യാപേക്ഷ നല്‍കാനാണ് സുപ്രീം കോടതി നിര്‍ദേശിച്ചത്. ജസ്റ്റിസ് ദീപാങ്കർ ദത്ത അധ്യക്ഷനായ ബെഞ്ചാണ് ഹർജി തള്ലിയത്. ഹൈക്കോടതി ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്നാണ് ഗോവർധൻ ജാമ്യാപേക്ഷയുമായി സുപ്രീം കോടതിയെ സമീപിച്ചത്.
താൻ അയ്യപ്പ ഭക്തനാണെന്നും സ്വർണക്കൊള്ളയില്‍ പങ്കില്ലെന്നുമാണ് സുപ്രീം കോടതിയില്‍ ഫയല്‍ചെയ്ത ജാമ്യഹർജിയില്‍ ഗോവർധൻ ചൂണ്ടിക്കാട്ടിയിരുന്നത്. തട്ടിയെടുത്ത സ്വർണം വാങ്ങിയെന്ന് ആരോപിച്ചാണ് കർണാടക ബെല്ലാരിയിലെ ജ്വല്ലറി ഉടമ ഗോവർധനെ എസ്ഐടി അറസ്റ്റ് ചെയ്തത്.
കേസിലെ പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിക്ക് പലപ്പോഴായി ഒന്നരക്കോടി രൂപ നല്‍കിയെന്നാണ് ഗോവര്ധൻ അന്വേഷണ സംഘത്തിന് നല്കിയ മൊഴി. ഒന്നരക്കോടി നല്‍കിയതിനുശേഷമാണ് സ്വർണം വാങ്ങിയത്. പണം നല്‍കിയതിന്റെ തെളിവുകളും ഗോവര്ധൻ എസ്ഐടിക്ക് നല്‍കിയിരുന്നു.
ബോധപൂര്‍വം തട്ടിപ്പിന് കൂട്ടുനിന്നിട്ടില്ലെന്നും ശബരിമലയിലെ ആവശ്യത്തിനെന്ന് പറഞ്ഞാണ് പലപ്പോഴും പണം നല്‍കിയതെന്നും സുഹൃത്തെന്ന നിലയിലാണ് സ്വര്‍ണം വാങ്ങിയതെന്നുമാണ് ഗോവര്ധൻ മൊഴി നല്‍കിയിരിക്കുന്നത്.എന്നാല്‍, ശബരിമലയിലെ സ്വര്‍ണമാണെന്നും അത് ദേവസ്വം സ്വത്താണെന്നും വ്യക്തമായി അറിഞ്ഞുകൊണ്ടാണ് ഗോവര്ധൻ തട്ടിപ്പിന് കൂട്ടുനിന്നതെന്നാണ് എസ്ഐടിയുടെ കണ്ടെത്തല്‍.
