പ്ലസ് ടുവില്‍ ഇനി ഡിജിറ്റല്‍ മൂല്യനിര്‍ണയം; മാറ്റം പ്രഖ്യാപിച്ച് സിബിഎസ്‌ഇ
ന്യൂ ഡല്‍ഹി: മൂല്യ നിർണയത്തില്‍ സൂതാര്യതയും വേഗതും കാര്യക്ഷമതയും ലക്ഷ്യമിട്ട് പ്ലസ് ടു പരീക്ഷയുടെ മൂല്യനിർണയത്തിന് ഓണ്‍ സ്‌ക്രീൻ മാർക്കിംഗ് (ഒഎസ്‌എം) രീതി നടപ്പാക്കുമെന്ന് സിബിഎസ്‌ഇ.ഈ വർഷം മുതല്‍ ഒഎസ്‌എം നടപ്പാക്കുമെന്നും പത്താം ക്ലാസ് പരീക്ഷ മൂല്യ നിർണത്തിന് നിലവിലെ രീതി പിന്തുടരണമെന്നും കാണിച്ച് സ്കൂള്‍ അധികൃതർക്ക് സിബിഎസ്‌ഇ അറിയിപ്പ് നല്‍കിയിട്ടുണ്ട്.
ഇന്ത്യയിലും മറ്റ് 26 രാജ്യങ്ങളിലുമായി ഏകദേശം 46 ലക്ഷം വിദ്യാർഥികളാണ് സിബിഎസ്‌ഇയുടെ പത്താം തരം, പ്ലസ് ടു ബോർഡ് പരീക്ഷ എഴുതുന്നത്. ഫെബ്രുവരി 17 ന് ആരംഭിച്ച് ഏപ്രില്‍ 10 ന് അവസാനിക്കുന്ന രീതിയിലാണ് ഇത്തവണത്തെ പത്താം തരം പ്ലസ് ടു പരീക്ഷകള്‍ ക്രമപ്പെടുത്തിയിരിക്കുന്നത്. പത്താം ക്ലാസ് പരീക്ഷ വർഷത്തില്‍ രണ്ടുതവണ നടത്താനും ബോർഡ് തീരുമാനിച്ചിട്ടുണ്ട്. ഇതിലെ രണ്ടാമത്തെ പരീക്ഷ മെയ് 15 മുതല്‍ ജൂണ്‍ 1 വരെ നടക്കും. രണ്ട് പരീക്ഷകള്‍ക്കും ഒരേ സിലബസായിരിക്കുമെന്നും സിബിഎസ്‌ഇ അറിയിച്ചിട്ടുണ്ട്.
പ്ലസ് ടു ബോർഡ് പരീക്ഷ മൂല്യ നിർണയം ഡിജിറ്റലാവുന്നത് പ്രക്രിയ കൂടുതല്‍ ലഘൂകരിക്കുമെന്നും പിഴവ് കുറയുമെന്നുമാണ് സിബിഎസ്‌ഇ വിലയിരുത്തല്‍. ഓണ്‍-സ്‌ക്രീൻ മാർക്കിംഗ് വരുന്നതോടെ മാർക്കുകള്‍ കൂട്ടി ഇടുന്നതിലെ തെറ്റുകള്‍ ഒഴിവാക്കാനാവും. കൂടുതല്‍ എളുപ്പത്തില്‍ മൂല്യനിർണയ നടപടികള്‍ ഏകോപിപ്പിക്കാൻ സാധിക്കുമെന്നും ബോർഡ് കരുതുന്നുണ്ട്. ഡിജിറ്റല്‍ മൂല്യ നിർണയത്തിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാൻ സിബിഎസ്‌ഇ സ്‌കൂളുകള്‍ക്ക് നിർദേശം നല്‍കിയിട്ടുണ്ട്.
മൂല്യനിർണയത്തിനായി പബ്ലിക് സ്റ്റാറ്റിക് ഐപി ഉള്ള കമ്പ്യൂട്ടർ ലാബ്, വിൻഡോസ് 8-ഓ അതിന് മുകളിലോ ഉള്ള ഓപ്പറേറ്റിംഗ് സിസ്റ്റം ഉപയോഗിച്ച് പ്രവർത്തിക്കുന്ന ലാപ്‌ടോപ്/ പിസി, അപ്ഡേറ്റ് ചെയ്ത ഇന്റർനെറ്റ് ബ്രൗസറുകള്‍, അഡോബ് റീഡർ, കുറഞ്ഞത് 2 എംബിപിഎസ് വേഗതയുള്ള ഇന്റർനെറ്റ് കണക്റ്റിവിറ്റി, തടസ്സമില്ലാത്ത വൈദ്യുതി വിതരണം എന്നിവ ഉറപ്പാക്കണമെന്നാണ് സിബിഎസ്‌ഇ സ്കൂളുകളെ അറിയിച്ചിരിക്കുന്നത്.
മൂല്യ നിർണയത്തിലെ മാറ്റവുമായി പൊരുത്തപ്പെടാൻ അധ്യപകർക്ക് ആവശ്യമായ പരിശീലനം നല്‍കും. ഒയാസിസ് ഐഡി ഉള്ള എല്ലാ അധ്യാപകർക്കും ലോഗിൻ ചെയ്യാനും സംവിധാനം പരിചയപ്പെടാനുമുള്ള സൗകര്യമുണ്ടാവും. പരിശീലന പരിപാടികള്‍, നിർദ്ദേശങ്ങള്‍ അടങ്ങിയ വിഡിയോകള്‍ എന്നിവ പുറത്തിറക്കുകയും സാങ്കേതിക പ്രശ്‌നങ്ങള്‍ പരിഹരിക്കാൻ ഒരു കോള്‍ സെന്റർ സജ്ജമാക്കുകയും ചെയ്യുമെന്നും സിബിഎസ്‌ഇ അറിയിച്ചിട്ടുണ്ട്.
