ട്രെയിൻ യാത്രികര്‍ ശ്രദ്ധിക്കുക, ടിക്കറ്റ് ബുക്കിങ് ആപ്പായ യുടിഎസ് റെയില്‍വേ നിർത്തലാക്കുന്നു
ന്യൂ ഡല്‍ഹി: ട്രെയിൻ യാത്രക്കാരുടെ പ്രിയപ്പെട്ട ടിക്കറ്റ് ബുക്കിങ് ആപ്പായ യുടിഎസ് റെയില്‍വേ നിർത്തലാക്കുന്നു.മാർച്ച് 1 മുതല്‍ യുടിഎസ് ആപ്പ് പ്രവർത്തനരഹിതമാകും. പകരം, റെയില്‍വേയുടെ വിവിധ സേവനങ്ങളെ ഒന്നിപ്പിച്ച് അവതരിപ്പിച്ചിട്ടുള്ള ഏകീകൃത പ്ലാറ്റ്ഫോമായ ‘റെയില്‍വണ്‍’ ആപ്പിലൂടെയാകും ഇനി മുതല്‍ സേവനങ്ങള്‍ ലഭ്യമാകുക.
റിസർവ് ചെയ്ത ടിക്കറ്റുകള്‍ക്കും അല്ലാത്തവയ്ക്കും പ്ലാറ്റ്ഫോം ടിക്കറ്റുകള്‍ക്കും വെവ്വേറെ ആപ്പുകള്‍ ഉപയോഗിക്കേണ്ടി വരുന്ന ബുദ്ധിമുട്ട് ഒഴിവാക്കാനാണ് റെയില്‍വേ ‘റെയില്‍വണ്‍’ അവതരിപ്പിക്കുന്നത്. ഐആർസിടിസി റെയില്‍ കണക്ട്, യുടിഎസ് എന്നീ ആപ്പുകളുടെ സേവനങ്ങള്‍ ഇനി മുതല്‍ ഈ ഒരൊറ്റ ആപ്പില്‍ ലഭിക്കും.
പ്രധാന ഫീച്ചറുകള്‍
റിസർവേഷൻ ടിക്കറ്റുകള്‍, അണ്റിസർവ്ഡ് ടിക്കറ്റുകള്‍, പ്ലാറ്റ്ഫോം ടിക്കറ്റുകള്‍, സീസണ് ടിക്കറ്റുകള്‍ എന്നിവയെല്ലാം ഈ ആപ്പിലൂടെ എടുക്കാം.
നിലവില്‍ യുടിഎസ് ഉപയോഗിക്കുന്നവർക്ക് അതേ ലോഗിൻ ഐഡിയും പാസ്വേഡും ഉപയോഗിച്ച് റെയില്‍വണ്ണില്‍ പ്രവേശിക്കാം.
യുടിഎസ് വഴി നിലവില്‍ എടുത്ത സീസണ് ടിക്കറ്റുകള്‍ റെയില്‍വണ്‍ ആപ്പിലും ലഭ്യമാകും.
പിഎൻആർ സ്റ്റാറ്റസ് പരിശോധിക്കാനും പാഴ്സല്‍ ബുക്കിങ്, റെയില്‍ മദാദ് സഹായം, ട്രെയിൻ ട്രാക്കിങ്, ലിവ് ട്രെയിൻ സ്റ്റാറ്റസ്, ഭക്ഷണ വിതരണം എന്നിവയും ഈ സൂപ്പർ ആപ്പില്‍ ഉണ്ടാകും.
പുതിയ ആപ്പ് പ്രോത്സാഹിപ്പിക്കുന്നതിനായി ആകർഷകമായ ഓഫറുകളും റെയില്‍വേ പ്രഖ്യാപിച്ചിട്ടുണ്ട്.
റെയില്‍വണ്‍ ആപ്പ് വഴി ഡിജിറ്റല്‍ പേയ്മെന്റ് ഉപയോഗിച്ച് ബുക്ക് ചെയ്യുന്ന അണ്റിസർവ്ഡ് ടിക്കറ്റുകള്‍ക്ക് 3% കിഴിവ് ലഭിക്കും
ആർ-വാലറ്റ് ഉപയോഗിക്കുന്നവർക്ക് 3% ക്യാഷ്ബാക്കും ലഭ്യമാണ്.
മാർച്ച് ഒന്ന് മുതല്‍ യുടിഎസ് സേവനം ലഭ്യമാകില്ല എന്നതിനാല്‍ സ്ഥിരം യാത്രക്കാർ എത്രയും വേഗം റെയില്‍വണ്‍ ആപ്പ് ഇൻസ്റ്റാള്‍ ചെയ്യേണ്ടതാണ്. ആൻഡ്രോയിഡ്, ഐഒഎസ് പ്ലാറ്റ്ഫോമുകളില്‍ പുതിയ ആപ്പ് ലഭ്യമാണ്.
