കിഫ്ബിയിൽ നിന്ന് 574.84 കോടി ലഭിച്ചു, വനത്തിനുള്ളിൽ വന്യജീവികൾക്ക് ഭക്ഷണവും വെള്ളവും ഉറപ്പാക്കും, വനംവകുപ്പിന് പുതിയ മുഖമെന്ന് മന്ത്രി എകെ ശശീന്ദ്രൻ
തിരുവനന്തപുരം: സംസ്ഥാനത്തെ വനസംരക്ഷണത്തിനും വന്യജീവി ആക്രമണങ്ങൾ തടയുന്നതിനുമായി കിഫ്ബി വഴി 574 കോടി 84 ലക്ഷം രൂപ അനുവദിച്ചതായി വനംവകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രൻ. വനത്തിനുള്ളിൽ തന്നെ വന്യജീവികൾക്ക് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കി അവ ജനവാസ മേഖലയിലേക്ക് ഇറങ്ങുന്നത് തടയാനാണ് ഈ തുക പ്രധാനമായും ചെലവഴിക്കുക. വനത്തിനുള്ളിലെ പ്രശ്നങ്ങൾക്ക് മാന്ത്രിക വടി കൊണ്ട് പെട്ടെന്ന് പരിഹാരം കാണാൻ കഴിയില്ലെന്നും ഘട്ടം ഘട്ടമായുള്ള പ്രവർത്തനങ്ങളാണ് ആവശ്യമെന്നും മന്ത്രി വ്യക്തമാക്കി.
വനത്തിനുള്ളിൽ വന്യമൃഗങ്ങൾക്ക് ആവശ്യമായ വെള്ളവും ഭക്ഷണവും ഉറപ്പുവരുത്തുന്നതിനുള്ള നടപടികൾ സ്വീകരിക്കുക എന്നതാണ് ആദ്യ പടി. വനത്തെ നശിപ്പിക്കുന്ന അധിനിവേശ സസ്യങ്ങളെ വെട്ടിമാറ്റി വനസംരക്ഷണം ഉറപ്പാക്കും. വന്യജീവികൾക്ക് ഇഷ്ടപ്പെട്ട തരം വൃക്ഷങ്ങൾ വനത്തിനുള്ളിൽ വെച്ചുപിടിപ്പിക്കും. ഇത്രയേറെ വെല്ലുവിളികൾ ഉയര്‍ന്നുവരാൻ സാധ്യതയുള്ള വകുപ്പാണ് വനംവകുപ്പ് എന്ന് ഞാൻ കരുതിയിരുന്നില്ല. മന്ത്രി സ്ഥാനം ഏറ്റെടുത്ത് ഒരു വര്‍ഷം കഴിയുമ്പോഴേക്ക് വനം ഒരു വിഷയമായി തുടങ്ങി. മലയോര കര്‍ഷക പ്രശ്നവും, ക്രമസമാധാന പ്രശ്നം ആകുന്ന അവസ്ഥ വരെയും എത്തി. ആ സാഹചര്യത്തിലാണ് വനംവകുപ്പും വനംവകുപ്പ് മന്ത്രിയും ഉണ്ടെന്നും ജനങ്ങൾ അറിഞ്ഞ് തുടങ്ങിയത്. വനംവുകുപ്പ് ഒരു സുപ്രധാനമായ വകുപ്പാണെന്ന് തിരിച്ചറിയുക കൂടിയായിരുന്നു അത്.
