Latestകേരളം

ശബരിമലയില്‍ താല്‍ക്കാലിക ജീവനക്കാരുടെ പണമിടപാടുകളില്‍ അന്വേഷണം; ഉത്തരവിട്ട് ഹൈക്കോടതി

ശബരിമല താല്‍ക്കാലിക ജീവനക്കാരുടെ പണമിടപാടുകളില്‍ അന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി. മണ്ഡല-മകരവിളക്ക് കാലയളവില്‍ ശബരിമലയില്‍ ജോലി ചെയ്തിരുന്ന ജീവനക്കാരുടെ ഇടപാടുകള്‍ സംശയകരമെന്ന സ്പെഷ്യല്‍ കമ്മീഷണറുടെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് ഹൈക്കോടതി നടപടി.

ചുരുങ്ങിയ സമയത്തിനുള്ളില്‍ 14 ലക്ഷത്തിലധികം രൂപ പോസ്റ്റ് ഓഫീസ് വഴി മാത്രം പണം കൈമാറ്റം നടന്നിരുന്നു എന്നാണ് റിപ്പോര്‍ട്ടിലുള്ളത്. രണ്ട് ജീവനക്കാർ ഒരു ലക്ഷത്തിലധികം രൂപയും മറ്റ് മൂന്ന് പേർ 25,000 രൂപയിലധികവും അയച്ചു. ഇവരെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചെങ്കിലും ഹാജരായില്ല. വിഷയത്തില്‍ സ്ഥിരം-താല്‍ക്കാലിക ജീവനക്കാർ സംശയനിഴലിലാണ്.

പ്രതിദിനം 650 രൂപയ്ക്ക് മണ്ഡല മകരവിളിക്ക് സീസണിലേക്കാണ് താല്‍ക്കാലിയ ജീവനക്കാരെ ബോർഡ് തെരഞ്ഞെടുക്കുന്നത്. സീസണ്‍ കഴിയുമ്പോഴാണ് ശമ്പളം അക്കൗണ്ടിലേക്ക് മൊത്തമായി നല്‍കുന്നത്. എന്നാല്‍ തീർത്ഥാടന കാലത്ത് ചില താല്‍ക്കാലിയ ജീവനക്കാർ പോസ്റ്റ് ഓഫീസ് വഴി മണിയോഡറായും, രണ്ട് ബാക്കുകള്‍ വഴിയും ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും പണം ഇടയ്ക്കടക്ക് കൈമാറുന്നത് ദേവസ്വം വിജിലൻസ് ശ്രദ്ധിച്ചു. ഇതേക്കുറിച്ചുള്ള അന്വേഷണത്തിനായി അക്കൗണ്ട് വിവരങ്ങള്‍ ശേഖരിച്ചപ്പോഴാണ് ഒരു ലക്ഷം വരെ ചില താല്‍ക്കാലിക്കാർ കൈമാറിയത് കണ്ടെത്തിയത്. ഇത് ശബരിമലയില്‍ നിന്നും അനധികൃതമായി സമ്പാദിച്ചെടുത്ത പണമെന്നാണ് വിജിലൻസ് പറയുന്നത്.