സെപ്റ്റിക് ടാങ്കില്‍ ഇരുമ്പ് പെട്ടിയില്‍ യുവതിയുടെ മൃതദേഹം, 24 മണിക്കൂറില്‍ പ്രതിയെ തിരിച്ചറിഞ്ഞ് പൊലീസ്
ഭോപ്പാൽ : ഒഴിഞ്ഞ പറമ്പിലെ സെപ്റ്റിക് ടാങ്കിനുള്ളില്‍ നിന്ന് 33കാരിയുടെ മൃതദേഹം അഴുകിയ നിലയില്‍ കണ്ടെടുത്തു.ഭോപ്പാലിലെ നിഷാത്പുര മേഖലയിലാണിത്. മഹാരാഷ്ട്രയിലെ ഗോണ്ടിയ സ്വദേശിയായ സിയ എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. കേസ് രജിസ്റ്റർ ചെയ്ത് 24 മണിക്കൂറിനുള്ളില്‍ തന്നെ പ്രതിയെ പൊലീസ് തിരിച്ചറിഞ്ഞു.
ഒരു വർഷം മുൻപാണ് സിയയും ഭോപ്പാല്‍ സ്വദേശിയായ സമീറും ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ടത്. സൗഹൃദം പിന്നീട് പ്രണയമായി മാറി. വിവാഹിതനും രണ്ട് കുട്ടികളുടെ അച്ഛനുമാണ് താനെന്ന വിവരം സമീർ സിയയില്‍ നിന്ന് മറച്ചുവെച്ചിരുന്നു. സമീറിനൊപ്പം ജീവിക്കാനായി മൂന്ന് മാസം മുൻപ് സിയ തന്റെ നാടുവിട്ട് ഭോപ്പാലിലെ കമലാ നഗറിലുള്ള സമീറിന്റെ വീട്ടിലെത്തി.
സമീറിന്റെ വീട്ടില്‍ താമസം തുടങ്ങിയതോടെ സിയയും സമീറിന്റെ ഭാര്യയും തമ്മില്‍ നിരന്തരം വഴക്കുകള്‍ ഉണ്ടായി. സമീർ തന്നെ വിവാഹം കഴിക്കണമെന്ന് സിയ സമ്മർദ്ദം ചെലുത്തി. വിവാഹം കഴിക്കുന്നില്ലെങ്കില്‍ 5 ലക്ഷം രൂപ നല്‍കണമെന്നും അല്ലാത്തപക്ഷം നിയമനടപടി സ്വീകരിക്കുമെന്നും സിയ ഭീഷണിപ്പെടുത്തിയതായും പറയപ്പെടുന്നു. തർക്കം രൂക്ഷമായതോടെ സമീറിന്റെ ഭാര്യ ജബല്‍പൂരിലെ സ്വന്തം വീട്ടിലേക്ക് പോയി.
കഴിഞ്ഞ തിങ്കളാഴ്ച വൈകുന്നേരം സിയയും സമീറും തമ്മില്‍ വീണ്ടും രൂക്ഷമായ വാക്കുതർക്കമുണ്ടായി. ഇതിനിടയില്‍ പ്രകോപിതനായ സമീർ സിയയെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകത്തിന് ശേഷം തെളിവ് നശിപ്പിക്കാനായി സമീർ തന്റെ അമ്മ, സഹോദരൻ, സഹോദരി എന്നിവരുടെ സഹായം തേടി. മൃതദേഹം ഇരുമ്പ് പെട്ടിയിലാക്കി തിങ്കളാഴ്ച അർദ്ധരാത്രിയോടെ വീടിനടുത്തുള്ള ഒഴിഞ്ഞ പറമ്പിലെ സെപ്റ്റിക് ടാങ്കില്‍ തള്ളി.
വ്യാഴാഴ്ച വൈകുന്നേരം സമീപത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടികള്‍ ടാങ്കില്‍ നിന്ന് ദുർഗന്ധം വമിക്കുന്നത് ശ്രദ്ധിച്ചു. നാട്ടുകാർ നടത്തിയ പരിശോധനയില്‍ ടാങ്കിനുള്ളില്‍ ഒരു ഇരുമ്പ് പെട്ടി പൊങ്ങിക്കിടക്കുന്നത് കണ്ട് പോലീസിനെ വിവരമറിയിച്ചു. പോലീസ് എത്തി പെട്ടി തുറന്നപ്പോഴാണ് യുവതിയുടെ അഴുകിത്തുടങ്ങിയ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം തിരിച്ചറിയാൻ സഹായിച്ചത് സിയയുടെ കൈയിലുണ്ടായിരുന്ന ടാറ്റൂവാണ്.
സിയയുടെ മൃതദേഹത്തിന് നാല് ദിവസം വരെ പഴക്കമുണ്ടെന്ന് നിഷാത്പുര പൊലീസ് ഇൻസ്പെക്ടർ മനോജ് പട്‌വ സ്ഥിരീകരിച്ചു. പ്രാഥമിക നിഗമനമനുസരിച്ച് ശ്വാസം മുട്ടിച്ചാണ് കൊലപാതകം നടന്നിരിക്കുന്നത്. കൊലപാതകത്തിന് ശേഷം ഒളിവില്‍ പോയ സമീറിനായി തിരച്ചില്‍ തുടരുന്നു. എന്നാല്‍ മൃതദേഹം ഒളിപ്പിക്കാൻ സഹായിച്ച സമീറിന്റെ അമ്മ, സഹോദരൻ, സഹോദരി എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. സിയ മുൻപ് മൂന്ന് തവണ വിവാഹിതയായിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു
