പാലക്കാട് – എറണാകുളം മെമു ട്രെയിനിലെ കോച്ചുകളുടെ എണ്ണം റെയില്‍വേ വർധിപ്പിച്ചു
റ യില്‍വേ യാത്രക്കാരുടെ ദീർഘനാളത്തെ പ്രതിഷേധങ്ങള്‍ക്കും നിവേദനങ്ങള്‍ക്കും ഒടുവില്‍ പാലക്കാട് – എറണാകുളം മെമു ട്രെയിനിലെ കോച്ചുകളുടെ എണ്ണം റെയില്‍വേ വർധിപ്പിച്ചു.നിലവിലുണ്ടായിരുന്ന 8 കോച്ചുകള്‍ക്ക് പകരം ഇനി മുതല്‍ 12 കോച്ചുകളുമായാകും മെമു സർവീസ് നടത്തുക. ഈ മാസം 23 മുതല്‍ 12 കോച്ചുകളുള്ള മെമു ഓടിത്തുടങ്ങും.
പാലക്കാട് – എറണാകുളം (66609, 10) സർവീസിന് പുറമെ താഴെ പറയുന്ന മെമു ട്രെയിനുകളിലും കോച്ചുകളുടെ എണ്ണം 12 ആയി ഉയർത്താൻ തീരുമാനിച്ചിട്ടുണ്ട്:
കൊല്ലം – എറണാകുളം (06169, 70)
കൊല്ലം – കോട്ടയം (66316, 15)
വെറും 610 സീറ്റുകള്‍ മാത്രമുള്ള പാലക്കാട് – എറണാകുളം മെമുവില്‍ മൂവായിരത്തിലധികം യാത്രക്കാരാണ് നിലവില്‍ തിങ്ങിനിറഞ്ഞ് യാത്ര ചെയ്തിരുന്നത്. ഇതിനെതിരെ റെയില്‍ പാസഞ്ചേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തില്‍ ശക്തമായ പ്രതിഷേധങ്ങള്‍ നടന്നിരുന്നു. 12 കോച്ചുകള്‍ സ്ഥിരമായി അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് എംപിമാർ ഉള്‍പ്പെടെയുള്ളവർ ഡിആർഎമ്മിന് പലതവണ കത്തുകള്‍ നല്‍കിയിരുന്നുവെങ്കിലും, കോച്ചുകളുടെ കുറവ് ചൂണ്ടിക്കാട്ടി റെയില്‍വേ ഈ നടപടി വൈകിപ്പിക്കുകയായിരുന്നു.ഒടുവില്‍ പാലക്കാട്, തിരുവനന്തപുരം ഡിവിഷണല്‍ റെയില്‍വേ മാനേജർമാർ ദക്ഷിണ റെയില്‍വേയ്ക്കും റെയില്‍വേ ബോർഡിനും നല്‍കിയ ശുപാർശയെത്തുടർന്നാണ് പുതിയ കോച്ചുകള്‍ നിർമ്മിക്കാനും അനുവദിക്കാനുമുള്ള തീരുമാനമുണ്ടായത്. ഇതിലൂടെ യാത്രക്കാരുടെ യാത്രാക്ലേശത്തിന് വലിയൊരളവില്‍ പരിഹാരമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
