പാല്‍ പാക്കറ്റുകളില്‍ കോളിഫോം ബാക്ടീരിയ സാന്നിധ്യമെന്ന് റിപ്പോര്‍ട്ട് ; ആരോപണം നിഷേധിച്ച് കമ്പനികള്‍
ന്യൂ ഡല്‍ഹി: രാജ്യത്തെ പ്രമുഖ പാല്‍ ബ്രാൻഡുകളായ അമുല്‍, മദർ ഡയറി, കണ്‍ട്രി ഡിലൈറ്റ് എന്നിവയുടെ പാക്കറ്റ് പാലുകളില്‍ അനുവദനീയമായതിലും കൂടുതല്‍ കോളിഫോം ബാക്ടീരിയകള്‍ കണ്ടെത്തിയതായി റിപ്പോർട്ട്.സ്വതന്ത്ര പരിശോധനാ ഏജൻസിയായ ‘ട്രസ്റ്റിഫൈഡ്’ ആണ് പരിശോധന നടത്തിയത്. അമുല്‍ താസ, അമുല്‍ ഗോള്‍ഡ് എന്നീ പാക്കറ്റുകളില്‍ എഫ്‌എസ്‌എസ്‌എഐ നിശ്ചയിച്ചിട്ടുള്ള പരിധിയേക്കാള്‍ 98 മടങ്ങ് അധികം കോളിഫോം ബാക്ടീരിയകള്‍ കണ്ടെത്തിയെന്നാണ് റിപ്പോർട്ട്.
കഴിഞ്ഞ മാസം അമുല്‍ മസ്തി ദഹി (തൈര്) പാക്കറ്റുകളിലും സമാനമായ രീതിയില്‍ ബാക്ടീരിയയും പൂപ്പലും കണ്ടെത്തിയതായി റിപ്പോർട്ടുകളുണ്ടായിരുന്നു. മദർ ഡയറി, കണ്‍ട്രി ഡിലൈറ്റ് ഈ ബ്രാൻഡുകളുടെ പാല്‍ പാക്കറ്റുകളില്‍ ‘ടോട്ടല്‍ പ്ലേറ്റ് കൗണ്ട്’ (ടിപിസി) സുരക്ഷിതമായ അളവിനേക്കാള്‍ വളരെ കൂടുതലാണെന്ന് ട്രസ്റ്റിഫൈഡ് പറയുന്നു. ശുചിത്വക്കുറവാണ് ഉയർന്ന ടിപിസി നിരക്കിന് കാരണമായി പറയുന്നത്. അതേസമയം, ടെട്രാ പാക്കറ്റുകളില്‍ വില്‍ക്കുന്ന പാലും കപ്പുകളില്‍ ലഭിക്കുന്ന തൈരും ഗുണനിലവാര പരിശോധനയില്‍ വിജയിച്ചതായും റിപ്പോർട്ടിലുണ്ട്
എന്നാല്‍, കണ്ടെത്തലുകള്‍ അമുല്‍ പൂർണ്ണമായും നിഷേധിച്ചു. തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ കർശനമായ ഗുണനിലവാര പരിശോധനകള്‍ക്ക് വിധേയമാകാറുണ്ടെന്നും ഉപഭോക്താക്കള്‍ക്കിടയില്‍ ഭീതി പടർത്താനുള്ള ശ്രമമാണിതെന്നും അമുല്‍ പറഞ്ഞു. നിർമ്മാണ വേളയില്‍ യാതൊരുവിധ വീഴ്ചയും സംഭവിക്കുന്നില്ല. പ്ലാന്റുകളില്‍ നിന്ന് വിതരണക്കാർക്കും റീട്ടെയില്‍ ഷോപ്പുകളിലും എത്തുമ്പോള്‍ പാലിലെ തണുപ്പ് നിലനിർത്തുന്നതില്‍ ഉണ്ടാകുന്ന വീഴ്ചയാകാം ബാക്ടീരിയ വളരാൻ കാരണമെന്ന് കമ്പനി നിലപാട്. 50-ലധികം ഗുണനിലവാര പരിശോധനകള്‍ക്ക് ശേഷമാണ് പാല്‍ വിപണിയിലെത്തുന്നതെന്നും കമ്പനി അവകാശപ്പെട്ടു.
വയറിളക്കം, ഛർദി, പനി എന്നിവയ്ക്ക് കോളിഫോം ബാക്ടീരിയകള്‍ കാരണമാവും. കറവസമയത്ത് പശുക്കളുടെ അകിടുകള്‍ കൃത്യമായി വൃത്തിയാക്കാത്തതും പരിസരത്തെ ശുചിത്വക്കുറവുമാണ് പ്രധാനമായും പാല്‍ മലിനമാകാൻ കാരണം
