Latestദേശീയം

ഇയർഫോണ്‍ ഉപയോഗിക്കാതെ ഉയർന്ന ശബ്ദത്തില്‍ പാട്ട് പ്ലേ ചെയ്യുന്നവർ ശ്രദ്ധിക്കുക, നിയമം തെറ്റിച്ചാല്‍ ഇനി കടുത്ത ശിക്ഷ!

വിമാനത്തില്‍ ഇയർഫോണ്‍ ഉപയോഗിക്കാതെ ഉയർന്ന ശബ്ദത്തില്‍ പാട്ട് പ്ലേ ചെയ്യുന്നവർ ഇനി ശിക്ഷാനടപടി നേരിടേണ്ടി വരും.കേന്ദ്ര വ്യോമയാന മന്ത്രാലയത്തിൻ്റേതാണ് മുന്നറിയിപ്പ്. മറ്റു യാത്രക്കാർക്ക് യാത്രാ തടസ്സമുണ്ടാക്കുന്ന രീതിയില്‍ പെരുമാറിയാല്‍ ശിക്ഷാനടപടി നേരിടേണ്ടിവരുമെന്നാണ് പാർലമെൻ്റില്‍ സിവില്‍ ഏവിയേഷൻ സഹമന്ത്രി മുരളീധർ മോഹോള്‍ വ്യക്തമാക്കിയത്. നാമക്കല്‍ എംപി വി.എസ്. മാതേശ്വരന്റെ ചോദ്യത്തിന് മറുപടിയായാണ് കേന്ദ്രമന്ത്രിയുടെ പ്രതികരണം. ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന് 1937 ലെ എയർക്രാഫ്റ്റ് റൂള്‍സ് പ്രകാരം തന്നെ ഇത്തരം സംഭവങ്ങളില്‍ നടപടിയെടുക്കാവുന്നതാണെന്നും മന്ത്രി വ്യക്തമാക്കി.

ഉച്ചത്തില്‍ പാട്ടുകള്‍ പ്ലേ ചെയ്യുന്നത് തടയാൻ പ്രത്യേകമായി നിയമമൊന്നുമില്ലെങ്കിലും, ജീവനക്കാർക്കും യാത്രക്കാർക്കും അസ്വസ്ഥത ഉണ്ടാക്കുകയാണെങ്കില്‍ നടപടി സ്വീകരിക്കാനാവും വിമാനത്തില്‍ അനുചിതമായ പെരുമാറ്റമോ സുരക്ഷാ ഭീഷണി ഉയർത്തുകയോ ചെയ്താല്‍ യാത്രക്കാരനെ കയറ്റാനോ ഇറക്കിവിടാനോ എയർലൈനുകള്‍ക്ക് സാധിക്കും. വിമാനത്തിലെ സത് പെരുമാറ്റത്തില്‍ വീഴ്ച വരുത്തുന്ന ആരെയും നിയന്ത്രിക്കാൻ പൈലറ്റ്-ഇൻ-കമാൻഡിന് അധികാരമുണ്ട്.