സര്‍ക്കാര്‍ ആശുപത്രിയില്‍ രോഗി കട്ടിലിനടിയില്‍ മരിച്ച നിലയില്‍
കൊല്ലം :പുനലൂർ താലൂക്ക് ആശുപത്രിയില്‍ രോഗിയെ കട്ടിലിനടിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഏരൂർ വിളക്കുപാറ സാബു വിലാസത്തില്‍ എ.ആർ.ബാബു (74) വിനെയാണ് വാർഡിലെ കട്ടിലിനടിയില്‍ മരിച്ച നിലയില്‍ കണ്ടത്. പ്രമേഹബാധയെ തുടർന്ന് കാലില്‍ ശസ്ത്രക്രിയയ്ക്കായാണ് ദിവസങ്ങള്‍ക്ക് മുമ്പ് ബാബുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ശാരീരികമായ അസ്വസ്ഥതകള്‍ കൊണ്ട് ഉറങ്ങാൻ കഴിയുന്നില്ല എന്ന പലതവണ ബാബു ആശുപത്രി ജീവനക്കാരോട് പറഞ്ഞിരുന്നു. ജീവനക്കാർ ഇത് കാര്യമാക്കിയിരുന്നില്ല. ഇന്നലെ രാത്രി 12 മണി വരെ ബുദ്ധിമുട്ട് മൂലം ഇദ്ദേഹം കട്ടിലില്‍ തന്നെ ഇരുന്നിരുന്നതായാണ് ഒപ്പമുണ്ടായിരുന്നവർ പറയുന്നത്. അർധരാത്രിയ്ക്ക് ശേഷം വാർഡിലെ മറ്റൊരു രോഗിയാണ് കട്ടിലിനടിയില്‍ ബാബു അബോധാവസ്ഥയില്‍ കിടക്കുന്നതായ്കണ്ടത്. വാർഡില്‍ ഉണ്ടായിരുന്ന നഴ്സുമാരെ വിവരമറിയിച്ചെങ്കിലും രോഗിയെ കട്ടിലിലേക്ക് കിടത്തുവാനോ അടിയന്തര ചികിത്സ ലഭ്യമാക്കാനോ തയ്യാറായില്ല എന്നാണ് ആക്ഷേപം.
ആശുപത്രിയിലെ ഉന്നതരെ വിളിച്ച് വിവരമറിയിച്ച ശേഷം അവരുടെ നിർദ്ദേശപ്രകാരമായിരുന്നു തുടർ നടപടി. അപ്പോഴേക്കും രോഗി മരിച്ചിരുന്നു. കട്ടിലിന്റെ താഴ്ഭാഗത്തെ കമ്പിയില്‍ തല കുടുങ്ങിയ നിലയില്‍ ആയിരുന്നു മൃതദേഹം. മരണകാരണം വ്യക്തമാക്കുന്നതിന് പോസ്റ്റ്മോർട്ടം ആവശ്യമാണെന്നിരിക്കെ ഇതിന് തയ്യാറാകാതെ വളരെ വേഗം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കുകയായിരുന്നു ആശുപത്രി അധികൃതർ. ആശുപത്രിയുടെ വീഴ്ച മറക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ഇതെന്നാണ് ആരോപണം
