Latestകേരളം

വിഴിഞ്ഞത്തെ മരണം ഭക്ഷ്യവിഷബാധയല്ല, സ്ഥിരീകരണവുമായി ഭക്ഷ്യസുരക്ഷാ വകുപ്പ്

തിരുവനന്തപുരം: വിഴിഞ്ഞത്തെ അസ്മാക് ഹോട്ടലില്‍ നിന്ന് സമുദ്രവിഭവങ്ങള്‍ കഴിച്ചതിന് പിന്നാലെ രണ്ടുപേർ മരിച്ച സംഭവത്തില്‍ ഹോട്ടല്‍ ഭക്ഷണത്തിലല്ല വില്ലനെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പ്രാഥമിക റിപ്പോർട്ട്.മരണം ഭക്ഷ്യവിഷബാധ മൂലമല്ലെന്നും സമുദ്രവിഭവങ്ങള്‍ കഴിച്ചപ്പോഴുണ്ടായ കടുത്ത അലർജിയാകാം മരണകാരണമെന്നുമാണ് കണ്ടെത്തല്‍. കൊല്ലം നിലമേല്‍ സ്വദേശികളായ റഷീദ ബീവി (58), മരുമകൻ ഷാജി (48) എന്നിവരുടെ മരണത്തിലാണ് വകുപ്പിന്റെ വിശദീകരണം.

മരിച്ചവർക്ക് സമുദ്രവിഭവങ്ങള്‍ കഴിക്കുന്നത് അലർജിയുണ്ടാക്കാറുണ്ടെന്ന് ബന്ധുക്കള്‍ തന്നെ മൊഴി നല്‍കിയിട്ടുണ്ട്. സംഭവദിവസം ഇതേ ഭക്ഷണം ഇരുന്നൂറോളം പേർ കഴിച്ചിരുന്നെങ്കിലും മറ്റാർക്കും ആരോഗ്യപ്രശ്നങ്ങള്‍ റിപ്പോർട്ട് ചെയ്തിട്ടില്ല. പ്രാഥമിക പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലും ഭക്ഷ്യവിഷബാധയുടെ ലക്ഷണങ്ങളില്ല. ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ അംഗീകാരമുള്ള ഹോട്ടലില്‍ നിന്നാണ് അഞ്ചംഗ സംഘം ഭക്ഷണം കഴിച്ചത്.

സംഭവത്തെത്തുടർന്ന് ഹോട്ടലില്‍ നിന്ന് ശേഖരിച്ച പത്ത് സാമ്പിളുകള്‍ കൊച്ചിയിലെ റീജിയണല്‍ ലാബിലേക്ക് അയച്ചിട്ടുണ്ട്. ഈ പരിശോധനാ ഫലം കൂടി ലഭ്യമായ ശേഷം അന്തിമ റിപ്പോർട്ട് ആരോഗ്യമന്ത്രിക്ക് സമർപ്പിക്കും.

വിഴിഞ്ഞത്തെ റസ്റ്റോറന്റില്‍ നിന്ന് മീൻ വിഭവങ്ങള്‍ കഴിച്ചു മടങ്ങുന്നതിനിടെയാണ് റഷീദ ബീവിക്കും ഷാജിക്കും ഛർദ്ദിയും ദേഹാസ്വാസ്ഥ്യവും അനുഭവപ്പെട്ടത്. റഷീദയുടെ മകള്‍ സജി മോളും ചികിത്സ തേടിയിരുന്നു. ബന്ധുക്കളുടെ പരാതിയെത്തുടർന്ന് പോലീസ് ഇടപെട്ട് ഹോട്ടല്‍ അടപ്പിച്ചിരുന്നു. ലാബ് റിപ്പോർട്ട് പുറത്തുവരുന്നതോടെ ഹോട്ടലിനെതിരെയുള്ള തുടർനടപടികളില്‍ വ്യക്തതവരും.