Latestകേരളം

വിമാനത്താവളത്തില്‍ 10 രൂപയ്ക്ക് ചായ, 20 രൂപയ്ക്ക് കടി, ഉഡാൻ യാത്രി കഫെ തിരുവനന്തപുരത്തും

തിരുവനന്തപുരം.വിമാനയാത്രികർക്ക് 10 രൂപയ്ക്ക് ചായ ലഭിക്കുന്ന ഉഡാൻ യാത്രി കഫെ ഇനി തിരുവനന്തപുരം വിമാനത്താവളത്തില്‍.കേന്ദ്ര വ്യോമയാന വകുപ്പ് മന്ത്രി റാം മോഹൻ നായിഡു കഫെ ഉദ്ഘാടനം ചെയ്തു. കേരളത്തിലെ ആദ്യ ഉഡാൻ കഫെ ആണിത്.

ശംഖുമുഖത്തെ ആഭ്യന്തര ടെർമിനലിലും ചാക്കയിലെ രാജ്യാന്തര ടെർമിനലിലും രണ്ട് കഫേകളാണ് തുറന്നത്. 10 രൂപയ്ക്ക് ചായയും 20 രൂപയ്ക്ക് സ്നാക്സും ലഭിക്കും. തിരുവനന്തപുരത്തിനൊപ്പം അദാനി എയർപോർട്ട്സിന് കീഴിലുള്ള മംഗളൂരു, മുംബൈ, നവി മുംബൈ വിമാനത്താവളങ്ങളിലും ഉഡാൻ കഫെ തുടങ്ങി. തിരുവനന്തപുരം വിമാനത്താവളത്തിലെ ഡിജി യാത്ര സേവനങ്ങളുടെ ഔപചാരികമായ ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു