Latestകേരളം

അള്‍ട്രാവയലറ്റ് സൂചിക കൂടുതല്‍, നാലിടത്ത് ഓറഞ്ച് അലര്‍ട്ട്; അതീവ ജാഗ്രത വേണമെന്ന് ദുരന്ത നിവാരണ അതോറിറ്റി

തിരുവനന്തപുരം: കേരളത്തില്‍ കഴിഞ്ഞ 24 മണിക്കൂറില്‍ രേഖപ്പെടുത്തപ്പെട്ട ഉയർന്ന അള്‍ട്രാവയലറ്റ് സൂചികയുടെ റിപ്പോർട്ടുമായി ദുരന്ത നിവാരണ അതോറിറ്റി.മൂന്നാർ അടക്കം നാലിടത്ത് ഓറഞ്ച് അലർട്ടാണ്. കെഎസ്ഡിഎംഎ സ്ഥാപിച്ച 14 സ്റ്റേഷനുകളിലെ സൂചിക പ്രകാരമാണ് മുന്നറിയിപ്പ്. മൂന്നാറിന് പുറമെ കോന്നി, ചെങ്ങന്നൂർ, ചങ്ങനാശ്ശേരി എന്നിവിടങ്ങളിലെ സ്റ്റേഷനുകളിലും യുവി ഇൻഡക്സ് കൂടുതലാണ്. ഇടുക്കി, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളില്‍ ഓറഞ്ച് അലർട്ട് നല്‍കി. അതീവ ജാഗ്രത വേണമെന്നും ഗൌരവകരമായ മുൻകരുതലുകള്‍ സ്വീകരിക്കണമെന്നുമാണ് അറിയിപ്പ്. യുവി ഇൻഡക്സ് 8 മുതല്‍ 10 വരെയാണ് ഓറഞ്ച് അലർട്ട്. കൊല്ലം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ യെല്ലോ അലർട്ടാണ്. യുവി ഇൻഡക്സ് 6 മുതല്‍ 7 വരെയെത്തുമ്പോഴാണ് മഞ്ഞ അലർട്ട് നല്‍കുക.

തുടർച്ചയായി കൂടുതല്‍ സമയം അള്‍ട്രാവയലറ്റ് രശ്മികള്‍ ശരീരത്തില്‍ ഏല്‍ക്കുന്നത് സൂര്യാതപത്തിനും ത്വക്ക് രോഗങ്ങള്‍ക്കും നേത്രരോഗങ്ങള്‍ക്കും മറ്റ് ആരോഗ്യ പ്രശ്നങ്ങള്‍ക്കും കാരണമാകും. ജനങ്ങള്‍ സുരക്ഷാ മുൻകരുതലുകള്‍ സ്വീകരിക്കണമെന്നാണ് ദുരന്ത നിവാരണ അതോറിറ്റിയുടെ അറിയിപ്പ്. പകല്‍ 10 മണി മുതല്‍ 3 മണി വരെയുള്ള സമയങ്ങളിലാണ് ഉയർന്ന അള്‍ട്രാവയലറ്റ് സൂചിക രേഖപ്പെടുത്തപ്പെടുന്നത്. അതിനാല്‍ ആ സമയങ്ങളില്‍ കൂടുതല്‍ നേരം ശരീരത്തില്‍ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കുന്നത് പരമാവധി ഒഴിവാക്കണം.