Latestകേരളം

സര്‍ക്കാര്‍ ബ്രാൻഡിയുടെ പേര് ‘മിന്നല്‍ മാജിക്’; അരലിറ്ററിന് 400 രൂപ

പാലക്കാട് മലബാർ ഡിസ്റ്റിലറീസ് പുറത്തിറക്കുന്ന പുതിയ ബ്രാൻഡിക്ക് ‘മിന്നല്‍ മാജിക്’ എന്ന് പേരിട്ടു.നേരത്തെ ‘മലബാർ മിസ്റ്ററി’ എന്ന പേരായിരുന്നു പരിഗണിച്ചിരുന്നതെങ്കിലും അവസാന നിമിഷം അത് മാറ്റുകയായിരുന്നു. പാലക്കാട് മേനോൻപാറയില്‍ നടക്കുന്ന നിർമ്മാണോദ്ഘാടന ചടങ്ങില്‍ എക്സൈസ് മന്ത്രി എം.ബി. രാജേഷ് പുതിയ ബ്രാൻഡിന്റെ പേര് ഔദ്യോഗികമായി പ്രഖ്യാപിക്കും.

പാലക്കാട് മേനോൻപാറയിലുള്ള മലബാർ ഡിസ്റ്റിലറീസ് ആണ് നിർമ്മാണകേന്ദ്രം. ഒരു മാസത്തിനുള്ളില്‍ ബെവ്‌കോ ഔട്ട്‌ലെറ്റുകള്‍ വഴി വിപണിയിലെത്തും. അരലിറ്റർ കുപ്പിക്ക് ഏകദേശം 400 രൂപയായിരിക്കും വില. പ്രതിദിനം 13,500 കെയ്സ് മദ്യം ഉല്‍പ്പാദിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. നിലവില്‍ കേരള സർക്കാർ നേരിട്ട് ഉല്‍പ്പാദിപ്പിക്കുന്നത് ‘ജവാൻ’ റം മാത്രമാണ്.

ചിറ്റൂർ മേനോൻപാറയിലെ മലബാർ ഡിസ്റ്റിലറീസ് വിദേശമദ്യ പ്ലാന്റ് 21നാണ് ഉദ്ഘാടനം ചെയ്യുന്നത്. വേദിയില്‍ ബ്രാന്റിന്റെ പേരും ഔദ്യോഗികമായി പ്രഖ്യാപിക്കും.