റിപ്പോര്‍ട്ടര്‍ ടിവിയുടെ ലൈസൻസ് രേഖകള്‍ ഹാജരാക്കണം; കേന്ദ്രത്തിനോട് ഹൈക്കോടതി
കൊച്ചി: റിപ്പോര്‍ട്ടര്‍ ടിവിയുടെ സംപ്രേഷണ ലൈസന്‍സുമായി ബന്ധപ്പെട്ട രേഖകള്‍ ഹാജരാക്കാന്‍ കേന്ദ്ര സര്‍ക്കാരിനോട് ഹൈക്കോടതി നിര്‍ദേശിച്ചു. ചാനല്‍ നിയമവിരുദ്ധമായാണ് പ്രവര്‍ത്തിക്കുന്നതെന്ന് ആരോപിച്ച് കിറ്റെക്‌സ് എം.ഡി സാബു എം. ജേക്കബ് സമര്‍പ്പിച്ച റിട്ട് ഹര്‍ജി ഫയലില്‍ സ്വീകരിച്ചുകൊണ്ടാണ് കോടതി ഉത്തരവ്. ബ്രോഡ്കാസ്റ്റ് ലൈസന്‍സില്ലാതെയാണ് ചാനല്‍ നിലവില്‍ പ്രവര്‍ത്തിക്കുന്നതെന്നാണ് ഹര്‍ജിയിലെ പ്രധാന വാദം.
എം.വി നികേഷ് കുമാറും റാണി വര്‍ഗീസും ഡയറക്ടര്‍മാരായ ‘ഇന്‍ഡോ ഏഷ്യന്‍ ന്യൂസ് ചാനല്‍’ കമ്പനിക്കാണ് യഥാര്‍ത്ഥ ലൈസന്‍സ് ഉള്ളത്. രാജ്യത്തെ സാറ്റലൈറ്റ് ടെലിവിഷന്‍ ചാനലുകളുടെ അപ്ലിങ്കിങ്, ഡൗണ്‍ലിങ്കിങ് ചട്ടങ്ങള്‍ ലംഘിച്ചാണ് ചാനലിന്റെ ഇപ്പോഴത്തെ ഉടമസ്ഥതയും പ്രവര്‍ത്തനവുമെന്ന് ഹര്‍ജിയില്‍ ആരോപിക്കുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ കര്‍ശന നടപടികളെ മറികടക്കാന്‍ അഗസ്റ്റിന്‍ സഹോദരന്മാര്‍ വളഞ്ഞ വഴി സ്വീകരിച്ചുവെന്നും, കെ.ജെ ജോസിനെ മാനേജിങ് ഡയറക്ടറാക്കി ‘റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിംഗ് കമ്പനി’ രൂപീകരിച്ചത് 2022-ലെ ബ്രോഡ്കാസ്റ്റ് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളുടെ ലംഘനമാണെന്നും ഹര്‍ജി ചൂണ്ടിക്കാട്ടുന്നു.
