അമ്മയെ ഒറ്റപ്പെടുത്തുന്നില്ല, കൂടെ കൊണ്ടുപോകുന്നു’; ഉദയനാപുരത്ത് അമ്മയും മകനും വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍
കോട്ടയം: വൈക്കം ഉദയനാപുരത്ത് അമ്മയെയും മകനെയും വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.ഉദയനാപുരം പഞ്ചായത്ത് ഓഫീസിന് സമീപം പടിഞ്ഞാറെക്കര തേവലക്കാട്ട് വീട്ടില്‍ തങ്കമ്മ (70), മകൻ സുനില്‍ (46) എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെ പത്ത് മണിയോടെയാണ് ഇരുവരെയും വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഈ വീട്ടില്‍ അമ്മയും മകനും മാത്രമായിരുന്നു താമസം. സംഭവസ്ഥലത്തുനിന്ന് പോലീസ് ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തു. ‘അമ്മയെ ഒറ്റപ്പെടുത്തുന്നില്ല, കൂടെ കൊണ്ടുപോകുന്നു’ എന്നാണ് കുറിപ്പിലുള്ളതെന്ന് പോലീസ് പറഞ്ഞു. വിവരമറിഞ്ഞ് വൈക്കം പോലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.
കോട്ടയത്തുനിന്നും സയന്റിഫിക് വിദഗ്ധരും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി വിശദമായ പരിശോധനകള്‍ ആരംഭിച്ചു. ഇൻക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹങ്ങള്‍ പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റും.
