എൻസിഇആർടി പാഠപുസ്തകം നിരോധിച്ച് സുപ്രീം കോടതി
എട്ടാം ക്ലാസ് സോഷ്യല്‍ സയന്‍സ് പുസ്തകത്തില്‍ ‘ജുഡീഷ്യറിയിലെ അഴിമതി’യെന്ന വിഷയം ഉള്‍പ്പെടുത്തിയ നടപടിയില്‍ ക്ഷമാപണവുമായി എന്‍സിഇആര്‍ടി.തികച്ചും അനുചിതമായ ഭാഗമാണെന്നും ബോധപൂര്‍വമുള്ള നടപടിയായിരുന്നില്ലെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു. ജുഡീഷ്യല്‍ സ്ഥാപനത്തെ അപകീര്‍ത്തിപ്പെടുത്താന്‍ ആരെയും അനുവദിക്കില്ലെന്നും ഉചിതമായ നടപടി സ്വീകരിക്കുമെന്നുമുള്ള സുപ്രിംകോടതി വിമര്‍ശനത്തിന് പിന്നാലെയാണ് എന്‍സിഇആര്‍ടിയുടെ ഇടപെടല്‍.
‘സോഷ്യല്‍ സയന്‍സ് പാഠപുസ്തകത്തിലെ സമൂഹത്തില്‍ ജുഡീഷ്യറിയുടെ പങ്ക് എന്ന ചാപ്റ്ററിലെ ചില ഭാഗങ്ങള്‍ അശ്രദ്ധമായി കൂട്ടിച്ചേര്‍ത്തതാണ്. കുട്ടികള്‍ക്കുള്ള പാഠപുസ്തകത്തില്‍ അങ്ങനെ സംഭവിക്കാന്‍ പാടില്ലായിരുന്നു. നിലവിലുള്ള പാകപ്പിഴ ബോധപൂര്‍വം സൃഷ്ടിച്ചതല്ല. സംഭവത്തില്‍ എന്‍സിഇആര്‍ടി ഖേദം പ്രകടിപ്പിക്കുന്നു. ഭരണഘടനാപരമായ സാക്ഷരത, ബഹുമാനം, ജനാധിപത്യമൂല്യങ്ങള്‍ എന്നിവ കുട്ടികള്‍ക്കിടയില്‍ ശക്തിപ്പെടുത്തുന്നതിനായാണ് എന്‍സിഇആര്‍ടിയുടെ ശ്രമമെന്ന് ആവര്‍ത്തിക്കുന്നു’. എന്‍സിഇആര്‍ടി പ്രസ്താവന പുറത്തിറക്കി.
