Latestകേരളം

അമിത ഭാരം കയറ്റുന്ന ചരക്ക് വാഹനങ്ങള്‍ക്ക് പിടി വീഴും,ടോള്‍ പ്ലാസകള്‍ക്ക് സമീപം ഭാരം പരിശോധിക്കും; പിഴ 20,000 രൂപ

ദേശീയ പാതകളില്‍ അമിത ഭാരം കയറ്റിയെത്തുന്ന ചരക്ക് വാഹനങ്ങള്‍ നിയന്ത്രിക്കാൻ ഹൈക്കോടതി നിർദേശത്തെ തുടർന്ന് സർക്കാർ സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് പ്രോസീജർ (എസ്.ഒ.പി) തയ്യാറാക്കി.ഇനി മുതല്‍ ടോള്‍ പ്ലാസകള്‍ക്ക് സമീപം വാഹനങ്ങളുടെ ഭാരം ഓട്ടോമാറ്റിക് സംവിധാനത്തിലൂടെ പരിശോധിക്കും. സംശയം തോന്നുന്ന വാഹനങ്ങളെ പൊലീസ് തടഞ്ഞ് വെയ്‌റ്റ് ബ്രിഡ്ജില്‍ കയറ്റി യഥാർത്ഥ ഭാരം സ്ഥിരീകരിക്കും. പരിശോധനയില്‍ അമിത ഭാരം കണ്ടെത്തിയാല്‍ 20,000 രൂപ പിഴ ഈടാക്കും. കൂടാതെ അധികമുള്ള ഓരോ ടണ്ണിനും 2,000 രൂപ വീതം അധികമായി പിഴ ചുമത്തും. ഈ പിഴ വാഹന ഉടമയ്ക്കും ഡ്രൈവർക്കും ബാധകമായിരിക്കും.

നിർദേശങ്ങള്‍ വ്യാപകമായി പ്രചരിപ്പിക്കണമെന്നും നടപ്പാക്കല്‍ സംബന്ധിച്ച റിപ്പോർട്ട് ഒരു മാസത്തിനകം സമർപ്പിക്കണമെന്നും ജസ്റ്റിസ് വി. രാജ വിജയരാഘവനും ജസ്റ്റിസ് കെ.വി ജയകുമാറും ഉള്‍പ്പെട്ട ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടു. ചരക്ക് വാഹനങ്ങളില്‍ അമിത ഭാരം കയറ്റുന്നതിലൂടെ അപകട സാധ്യത ഉയരുന്നതായി ചൂണ്ടിക്കാണിച്ച്‌ നേർക്കാഴ്ച അസോസിയേഷൻ ഡയറക്ടർ പി.ബി സതീഷ് നല്‍കിയ ഹർജി പരിഗണിച്ചാണ് നടപടി. 25 ശതമാനത്തില്‍ കൂടുതലായി ഭാരം കയറ്റുന്നത് അപകടകരമായ ഡ്രൈവിംഗായി കണക്കാക്കും. അത്തരത്തില്‍ കണ്ടെത്തിയാല്‍ ലൈസൻസ് ഉടൻ സസ്പെൻഡ് ചെയ്യും. നിയമ ലംഘനം ആവർത്തിക്കുന്ന ഡ്രൈവർമാരുടെ ലൈസൻസ് മൂന്ന് മുതല്‍ ആറ് മാസം വരെ സസ്പെൻഡ് ചെയ്യുകയും, 24 മാസത്തിനിടെ മൂന്നില്‍ അധികം തവണ കുറ്റം ആവർത്തിച്ചാല്‍ ലൈസൻസ് സ്ഥിരമായി റദ്ദാക്കുകയും ചെയ്യും. ഹർജിക്കാരന് വേണ്ടി അഡ്വ. ജി. കിരണ്‍ ഹാജരായി.