ഇറാനില്‍ ഇസ്രയേല്‍ ആക്രമണം; പലയിടത്തും മിസൈലുകള്‍ പതിച്ചു; വ്യോമപാത അടച്ചു
ഇസ്രായേലിന്റെ വിവിധ ഭാഗങ്ങള്‍ ലക്ഷ്യമാക്കി ഇറാൻ മിസൈല്‍ ആക്രമണം നടത്തിയതായി ഇസ്രായേല്‍ പ്രതിരോധ സേന (ഐഡിഎഫ്) സ്ഥിരീകരിച്ചു.ഇസ്രായേലിലുടനീളം അപായ സൈറണുകള്‍ മുഴങ്ങിക്കൊണ്ടിരിക്കുകയാണ്. ഇറാന്റെ ഭാഗത്തുനിന്നുള്ള മിസൈലുകളെ ആകാശത്തുവെച്ച് തന്നെ തകർക്കാൻ ഇസ്രായേലിന്റെ പ്രതിരോധ സംവിധാനങ്ങള്‍ പ്രവർത്തിച്ചു തുടങ്ങിയതായി ഐഡിഎഫ് അറിയിച്ചു.
മിസൈല്‍ ആക്രമണ ഭീഷണിയുള്ള പ്രദേശങ്ങളിലെ ജനങ്ങളുടെ മൊബൈല്‍ ഫോണുകളിലേക്ക് നേരിട്ട് ജാഗ്രതാ നിർദ്ദേശങ്ങള്‍ അയച്ചിട്ടുണ്ട്. സൈറണ്‍ മുഴങ്ങുന്ന ഉടനെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാൻ ഹോം ഫ്രണ്ട് കമാൻഡ് ആവശ്യപ്പെട്ടു. മിസൈല്‍ ഭീഷണികള്‍ തടയുന്നതിനും ആവശ്യമെങ്കില്‍ പ്രത്യാക്രമണം നടത്തുന്നതിനുമായി ഇസ്രായേല്‍ വ്യോമസേന രംഗത്തുണ്ട്. “ഭീഷണികള്‍ ഇല്ലാതാക്കാന്‍ ഇസ്രായേല്‍ പ്രതിരോധ സംവിധാനങ്ങള്‍ പ്രവർത്തിക്കുന്നു. സൈറണുകള്‍ മുഴങ്ങിയ പ്രദേശങ്ങളില്‍ അതീവ ജാഗ്രത പാലിക്കുക,” എന്ന് ഐഡിഎഫ് തങ്ങളുടെ ഔദ്യോഗിക പേജിലൂടെ വ്യക്തമാക്കി.
ഇസ്രായേലും അമേരിക്കയും ചേർന്ന് ടെഹ്റാനില്‍ നടത്തിയ മിന്നലാക്രമണത്തിന് മണിക്കൂറുകള്‍ക്കുള്ളിലാണ് ഇറാന്റെ ഭാഗത്തുനിന്നുള്ള ശക്തമായ തിരിച്ചടി ഉണ്ടായത്. ഇസ്രായേലിലെ പ്രധാന നഗരങ്ങളായ ടെല്‍ അവീവ്, ജെറുസലേം എന്നിവിടങ്ങളില്‍ സംഘർഷാവസ്ഥ നിലനില്ക്കുന്നു. ഗള്‍ഫ് രാജ്യങ്ങളും ഈ സംഘർഷത്തില്‍ ആശങ്ക രേഖപ്പെടുത്തിയിട്ടുണ്ട്.
