മാർച്ച് മാസത്തെ റേഷൻ വിഹിതം പ്രഖ്യാപിച്ചു; വെള്ള കാർഡിന് ആറ് കിലോയും നീലയ്ക്ക് രണ്ട് കിലോ അധിക അരിയും
സംസ്ഥാനത്ത് മാർച്ച് മാസത്തെ റേഷൻ വിതരണം നാളെ (ചൊവ്വാഴ്ച) മുതൽ ആരംഭിക്കും. മാസാന്ത്യ സ്‌റ്റോക്കെടുപ്പിന്റെ ഭാഗമായി ഇന്ന് (തിങ്കളാഴ്‌ച) റേഷൻ കടകൾക്ക് അവധിയായിരിക്കും.
വിവിധ കാർഡുകൾക്കുള്ള ഈ മാസത്തെ റേഷൻ വിഹിതം താഴെ നൽകുന്നു:
- വെള്ള കാർഡ്: കിലോയ്ക്ക് 10.90 രൂപ നിരക്കിൽ 6 കിലോ അരി ലഭിക്കും. ലഭ്യതയ്ക്ക് അനുസരിച്ച് 17 രൂപ നിരക്കിൽ 4 കിലോ വരെ ആട്ടയും ലഭിക്കും.
- നീല കാർഡ്: കാർഡിലെ ഓരോ അംഗത്തിനും 2 കിലോ അരി വീതം ലഭിക്കും. ഇതിന് പുറമെ 10.90 രൂപ നിരക്കിൽ 2 കിലോ അധിക അരിയും ലഭിക്കും. 4 കിലോ വരെ ആട്ടയും കിട്ടും.
- പിങ്ക് കാർഡ്: ഓരോ അംഗത്തിനും 4 കിലോ അരിയും ഒരു കിലോ ഗോതമ്പും ലഭിക്കും. ഗോതമ്പ് വേണ്ടെങ്കിൽ 9 രൂപ നിരക്കിൽ 4 കിലോ വരെ ആട്ട ലഭ്യമാകും.
- മഞ്ഞ കാർഡ്: 30 കിലോ അരിയും 2 കിലോ ഗോതമ്പും സൗജന്യമായി ലഭിക്കും. 7 രൂപ നിരക്കിൽ 3 പായ്‌ക്കറ്റ് ആട്ടയും 27 രൂപ നിരക്കിൽ ഒരു കിലോ പഞ്ചസാരയും ലഭിക്കും.
- മണ്ണെണ്ണ വിഹിതം : ബ്രൗൺ കാർഡ് ഒഴികെ മറ്റ് എല്ലാ കാർഡുകൾക്കും ഒരു ലിറ്റർ മണ്ണെണ്ണ ലഭിക്കും. വൈദ്യുതീകരിക്കാത്ത വീടുകളുള്ളവർക്ക് ലഭ്യത അനുസരിച്ച് 4 ലിറ്റർ വരെ മണ്ണെണ്ണ ലഭിക്കും.
