കുവൈറ്റ് ആഭ്യന്തര മന്ത്രാലയം വീസ കാലാവധിയില്‍ ഇളവുകള്‍ പ്രഖ്യാപിച്ചു
കുവൈറ്റ് സിറ്റി: മേഖലയിലെ നിലവിലെ അസാധാരണ സാഹചര്യം കണക്കിലെടുത്ത് കുവൈറ്റ് ആഭ്യന്തര മന്ത്രാലയം വീസ കാലാവധിയില്‍ ഇളവുകള്‍ പ്രഖ്യാപിച്ചു.സന്ദർശക വിസയില്‍ നിലവില്‍ കുവൈറ്റില്‍ ഉള്ളവർക്കും തൊഴില്‍ വിസക്കാരായ ഇപ്പോള്‍ കുവൈറ്റിനു പുറത്തുള്ള പ്രവാസികള്‍ക്കും ഈ ആനുകൂല്യം ലഭിക്കും.
കാലാവധി കഴിഞ്ഞതോ കഴിയാറായതോ ആയ എല്ലാത്തരം സന്ദർശക വീസകളും ഒരു മാസത്തേക്ക് കൂടി നീട്ടി നല്‍കി. ഫെബ്രുവരി 28 മുതല്‍ ഇത് നിലവില്‍ വന്നു. വീസ നീട്ടുന്നതിനായി റെസിഡൻസി അഫയേഴ്സ് ഓഫീസുകള്‍ സന്ദർശിക്കേണ്ടതില്ല.
ഇലക്‌ട്രോണിക് സംവിധാനം വഴി വീസ കാലാവധി സ്വയമേവ നീട്ടപ്പെടും. ഇങ്ങനെ പുതുക്കുന്നതിന് പ്രത്യേക ഫീസൊന്നും നല്‍കേണ്ടതുമില്ല. ഫീസുകളില്‍ നിന്നും പിഴകളില്‍ നിന്നും ഈ കാലയളവില്‍ പൂർണമായും ഒഴിവാക്കിയിട്ടുണ്ട്.
അനുവദിക്കപ്പെട്ട താമസ പരിധി കഴിഞ്ഞ തൊഴില്‍ വീസക്കാരായ നിലവില്‍ കുവൈറ്റിന് പുറത്തുള്ള പ്രവാസികള്‍ക്ക് മൂന്ന് മാസത്തെ അധിക “അബ്സൻസ് പെർമിറ്റ്’ അനുവദിക്കും. ഇതും ഇലക്‌ട്രോണിക് സംവിധാനം വഴി നേരിട്ട് ലഭ്യമാകും.
